തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നു സാഹചര്യത്തിൽ കേരളത്തിലും സ്‌കൂൾ തുറക്കാൻ ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ നീങ്ങുന്നത്. സ്‌കൂളുകൾ തുറക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ആരോഗ്യവിദഗ്ദ്ധർ നിർദേശിച്ചതിനു പിന്നാലെയാണ് സ്‌കൂൾ തുറക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയത്. സ്‌കൂളുകൾ തുറക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി തുറക്കാനുള്ള സാധ്യതയാണ് തേടുന്നത്. കോവിഡ് തീവ്ര വ്യാപനം അതിനകം കുറയുമെന്ന കണക്കുകൂട്ടലിലാണിത്.

സമിതിയുടെ ശുപാർശകളും നടപടികൾ സംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ടും ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായും കോവിഡ് വിദഗ്ധ സമിതിയുമായും ചർച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 10,12 ക്ലാസുകൾ പകുതി കുട്ടികൾ വീതമുള്ള ഷിഫ്റ്റ് രീതിയിൽ തുറക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ, രോഗപ്രതിരോധശേഷി ചെറിയ പ്രായക്കാർക്കു കൂടുതലുള്ളതിനാൽ ആദ്യം പ്രൈമറി ക്ലാസുകൾ തുറക്കണമെന്നാണു വിദഗ്ദ്ധർ നിർദേശിച്ചത്.

കുട്ടികൾക്കു കോവിഡ് വരാനുള്ള സാധ്യത കുറവാണെങ്കിലും അവർ രോഗവാഹകരാകാനുള്ള സാധ്യതയുണ്ടെന്നും ഇതു വീണ്ടും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ ഇടയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന് ആശങ്കയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്ന ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി വേണ്ടതു ചെയ്യാമെന്നായിരുന്നു മുൻതീരുമാനം. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് വിദഗ്ധസമിതിയുടെ ഉപദേശം തേടുന്നത്. അദ്ധ്യാപക ദിനമായ ഈമാസം അഞ്ചിനകം എല്ലാ അദ്ധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും വാക്‌സീൻ വിതരണം പൂർത്തിയാക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് കാലത്തിന് ശേഷം സ്‌കൂൾ തുറന്നാലും പഴയ ക്ലാസ് മുറികളല്ല ഉണ്ടാവുകയെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരമ്പരാഗത വിദ്യാഭ്യാസ രീതികളുമായി സമന്വയിപ്പിച്ചുള്ള പുതിയ സമ്പ്രദായമാകും വരികയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും വ്യക്തമാക്കി. ആരോഗ്യത്തിന് ഏറെ കരുതൽ നൽകിക്കൊണ്ട് അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ, പുതിയ മാതൃകകളിലൂടെ സുരക്ഷിതമായ അദ്ധ്യാപനമാണ് ഇപ്പോൾ സാധ്യമാകുന്നതെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ലാബ്, പ്രാക്ടിക്കൽ ക്ലാസുകളുടെ അഭാവം പരിഹരിക്കാനുള്ള പുതിയ മാതൃകകൾ ഉണ്ടായാൽ മാത്രമേ അനുഭവങ്ങളിൽ ഊന്നിയുള്ള, പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകിയുള്ള പഠനം പൂർണ്ണമാകൂ. എജ്യുക്കേഷൻ ഈസ് എക്‌സ്പീരിയൻസ് ഇറ്റ്‌സെൽഫ് എന്ന ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണ് നാമിപ്പോൾ ഓർക്കേണ്ടത്.

വിദ്യാലയങ്ങളിൽ നിന്നാണ് സാമൂഹിക യാഥാർഥ്യം, സർഗാത്മകത, സഹജീവി സ്‌നേഹം, സംസ്‌കാരം, സ്വഭാവരൂപീകരണം ഇവയെക്കുറിച്ചൊക്കെയുള്ള ധാരണ കുട്ടികൾക്ക് കിട്ടിയിരുന്നത്. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക, സർഗ്ഗാത്മക വളർച്ചക്കാവശ്യമായ കാര്യങ്ങൾക്കു കൂടി പ്രാധാന്യം നൽകുന്ന നൂതന മാതൃകകൾ ഉണ്ടാകണം. സ്‌കൂൾ കലോത്സവം പോലെയുള്ള ആഘോഷങ്ങൾ കുഞ്ഞുങ്ങൾക്കൊരു നഷ്ടം തന്നെയാണ്. കുഞ്ഞുങ്ങളുടെ നൈപുണ്യം പുറത്തുകൊണ്ടുവരാനുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകണം.

പ്രാധാനപ്പെട്ട മറ്റൊരു കാര്യം, പരീക്ഷകൾ എങ്ങനെ നടത്തുന്നു എന്നതാണ്. സുതാര്യമായും സത്യസന്ധതയോടെയും എങ്ങനെ പരീക്ഷയും മൂല്യനിർണ്ണയവും നടത്താം, ശാസ്ത്ര സാങ്കേതിക, ലാബ് പ്രാക്റ്റിക്കൽ പരീക്ഷകൾ എങ്ങനെ ഓൺലൈനിൽ കൃത്യതയോടെ നടത്താം എന്നതിനും വ്യക്തത വരുത്താം. ലോകത്തെ ആദ്യത്തെ ഡിജിറ്റലി ശാക്തീകരിക്കപ്പെട്ട സമൂഹമായി നമ്മുടെ സംസ്ഥാനം മാറി. ഇനി പഴയ ക്ലാസ് റൂമുകളില്ല, പഴയ വിദ്യാഭ്യാസ സമ്പ്രദായവും പുതിയ മാതൃകകളും സമന്വയിപ്പിച്ചുള്ള കാര്യങ്ങളാണ് ഇനിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.