തിരുവനന്തപുരം :ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുവിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കം ബുധനാഴ്ച പൂർത്തിയാകും. സർക്കാർ പുറത്തിറക്കിയ മാർഗരേഖ പ്രകാരമുള്ള ഒരുക്കങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ജില്ലാ അധികാരികൾക്ക് കൈമാറും.

സ്‌കൂളുകൾ പൂർണമായി ശുചീകരിച്ചുവെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും സ്‌കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്‌കാനർ, ഓക്‌സിമീറ്റർ എന്നിവ ഉണ്ടെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ബുധനാഴ്ച മുഴുവൻ സ്‌കൂളിലും തദ്ദേശ ജനപ്രനിധികൾ കൂടി പങ്കെടുത്ത് പിടിഎ യോഗം ചേരും.

ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല യോഗത്തിൽ നിശ്ചയിക്കും. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് കൊടുക്കാനുള്ള സംവിധാനവും സ്‌കൂളിൽ ഡോക്ടറുടെ സേവനവും ഉറപ്പാക്കും.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിദ്യാർത്ഥികളെ വരവേൽക്കാൻ ഓരോ സ്‌കൂളിലും ഒരുക്കേണ്ട സംവിധാനങ്ങൾക്കും പിടിഎ യോഗം അംഗീകാരം നൽകും. സ്‌കൂളിന്റെ പ്രധാന കവാടത്തിൽനിന്ന് അദ്ധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും ചേർന്നാണ് കുട്ടികളെ വരവേൽക്കുക. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളിൽ പഠിപ്പിക്കാനാകുമോ എന്നതിന്റെ സാധ്യതയും യോഗത്തിൽ പരിശോധിക്കും.