തിരുവനന്തപുരം: പുതിയ അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആകെ 9,39,107 കുട്ടികൾക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. യൂണിഫോം നൽകാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസ് ആയി 600 രൂപ ക്രമത്തിൽ നൽകും.

2021-22 അധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

2021-22 അധ്യയനവർഷത്തിൽ 2.62 കോടി പാഠപുസ്തകങ്ങൾ ആദ്യവാല്യം 13,064 സൊസൈറ്റികൾ വഴിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക വിതരണത്തിന് ലോക്ഡൗണിൽ പ്രത്യേക ഇളവ് ലഭിച്ചതിനാൽ 24 മുതൽ വീണ്ടും വിതരണം ആരംഭിച്ചു.

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി പുസ്തകവും യൂണിഫോമും നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. വലിയ നേട്ടമാണ് ഇതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിലും ചടങ്ങിൽ അധ്യക്ഷൻ ആയിരുന്ന ഗതാഗത മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി.

ഒന്നാം ക്ലാസിലെ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം വി.ശിവൻകുട്ടി വിദ്യാർത്ഥി വി.കൗശലിന്റെ മാതാവ് എസ്.അശ്വതിക്ക് നൽകി നിർവഹിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം ആന്റണി രാജു, എം.കാവ്യ എന്ന വിദ്യാർത്ഥിനിയുടെ പിതാവ് എം.മഹേഷിന് നൽകി നിർവഹിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം ജി.ആർ.അനിൽ, ഡി.ദേവയാനി എന്ന വിദ്യാർത്ഥിനിയുടെ മാതാവ് സി.എസ്.അരുണയ്ക്ക് നൽകി നിർവഹിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയർ എസ്.ആര്യ രാജേന്ദ്രൻ നാലാം ക്ലാസ് വിദ്യാർത്ഥി അഭിനവ് സുരേഷിന്റെ പിതാവ് സുരേഷിന് നൽകി നിർവഹിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സാറാ നിവാസിന്റെ പിതാവ് എം.എസ്.നിവാസിന് നൽകി നിർവഹിച്ചു.

ആറാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം എസ്എസ്‌കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ, ശ്രീധി എസ്.കുമാറിന്റെ പിതാവ് എ.ശ്രീകുമാറിന് നൽകി നിർവഹിച്ചു.