ഭുവനേശ്വർ: സംസ്ഥാനത്തെ സ്‌കൂളുകൾ ഡിസംബർ 31 വരെ തുറക്കില്ലെന്ന് ഒഡീഷ സർക്കാർ. കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അക്കാദമിക്, മത്സര, പ്രവേശന പരീക്ഷകൾ നടത്തുന്നതിനും ഓൺലൈൻ പഠനം തുടരുന്നതിനും തടസ്സമില്ല. ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ വിപുലപ്പെടുത്തമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ ഒമ്പത് മുതലുള്ള ക്ലാസ്സുകൾ ഈ മാസം 23 മുതൽ ആരംഭിച്ചേക്കും. ഇത്തരമൊരു നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് സർക്കാരിന് മുന്നിൽ വെച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വർഷ ഗെയ്ക്ക്വാദ് അറിയിച്ചു.ഒമ്പത്, 10, 11 12 ക്ലാസ്സുകൾ ആരംഭിക്കുന്നതാണ് പരിഗണിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് മാസത്തിൽ നടത്തിയേക്കും. തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഈ മാസം ഒമ്പതിന് തീരുമാനം എടുക്കും. ഇതിനായി സ്‌കൂൾ മേധാവിമാർ, രക്ഷിതാക്കൾ അടക്കമുള്ളവരുടെ യോഗം സർക്കാർ വിളിച്ചു. നവംബർ 16 ന് സ്‌കൂളുകളും കോളജുകളും തുറക്കാനാണ് തമിഴ്‌നാട് സർക്കാർ ആലോചിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഒമ്പതു മുതലുള്ള ക്ലാസ്സുകളാകും തുടങ്ങുക.