തിരുവനന്തപുരം: ബേസിൽ ജോസഫും ദർശനയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ജനപ്രിയ ചിത്രം പെരുത്തിഷ്ടമായെങ്കിലും, അതിലെ ഒരു ഡയലോഗ് തിരുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സുൽഫി നൂഹ്. 'രാജേഷിന്, സ്വന്തം സഹോദരിക്ക് വണ്ണം കൂടുന്നതിന്റെ കാരണം ഹോർമോണൽ ഇമ്പാലൻസാണെന്ന് പോലും അറിഞ്ഞൂടാ. ആഹാരം വലിച്ചുവാരി തിന്നിട്ടാണത്രേയെന്നാണ് ഇയാൾ പറയുന്നത്' എന്ന വാചകം തിരുത്തണമെന്നാണ് ഡോക്ടർ പറയുന്നത്. രാജേഷിന്റെ സഹോദരിക്ക് മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളിലും , പുരുഷന്മാരിലും വണ്ണം കൂടുന്നതിന്റെ കാരണം ആഹാരം വലിച്ചുവാരി തിന്നിട്ട് തന്നെയാണ് എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

ഡോ.സുൾഫി നൂഹിന്റെ പോസ്റ്റിന്റെ പൂർണരൂപം:

ജയ' തിരുത്തണം

'ജയ ജയ ഹേ' പെരുത്തിഷ്ടമായി. ജയമാരോട് ഐക്യദാർഢ്യം. പക്ഷേ ജയയുടെ ആ ഒറ്റ വാചകം തിരുത്തണം.തിരുത്തിയെ തീരൂ. ജനപ്രിയ സിനിമയായതുകൊണ്ട് തീർച്ചയായും തിരുത്തണം. അതെ അത് തന്നെ! കോടതിയിൽ ഭർത്താവിനെക്കുറിച്ച് പറയുന്ന ആ പരാമർശം. 'രാജേഷിന്, സ്വന്തം സഹോദരിക്ക് വണ്ണം കൂടുന്നതിന്റെ കാരണം ഹോർമോണൽ ഇമ്പാലൻസാണെന്ന് പോലും അറിഞ്ഞൂടാ. ആഹാരം വലിച്ചുവാരി തിന്നിട്ടാണത്രേയെന്നാണ് ഇയാൾ പറയുന്നത്'.. തിരുത്തണം!

രാജേഷിന്റെ സഹോദരിക്ക് മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളിലും, പുരുഷന്മാരിലും വണ്ണം കൂടുന്നതിന്റെ കാരണം ആഹാരം വലിച്ചുവാരി തിന്നിട്ട് തന്നെയാണ്. ഹോർമോണൽ ഇമ്പാലൻസ് മൂലമുണ്ടാകുന്ന അമിതവണ്ണം വളരെ വളരെ വളരെ ചുരുക്കം ചില ആൾക്കാരിൽ മാത്രം. അതും വളരെ ചെറിയ തോതിൽ.

അതായത് ജനറ്റിക്കലി വണ്ണം കൂടുവാൻ സാധ്യതയുള്ള ആൾക്കാർക്ക് അമിതാഹാരം തന്നെയാണ് ഏറ്റവും വലിയ റിസ്‌ക്. എല്ലാദിവസവും അമിതവണ്ണവുമായി വരുന്നവരുടെ പലതരം എസ്‌ക്യൂസുകൾ കണ്ട് വലഞ്ഞാണ് ജയയോട് ഇങ്ങനെ പറയാൻ തീരുമാനിച്ചത്.തൈറോയ്ഡ് രോഗമുണ്ടെന്നും, യൂട്രസ് മാറ്റിയെന്നും, അങ്ങനെ വഴിയെ പോയ എല്ലാ കാരണങ്ങളും അമിതവണ്ണത്തിന്റെ തലയിൽ.

അങ്ങനെയല്ലേയല്ല. അമിതമായി പ്രത്യേകിച്ച് അരിയാഹാരം വാരിവലിച്ച് തിന്നുന്നതിന്റെ ഫലം തന്നെയാണ് അമിതവണ്ണം. ജയ തിരുത്തണം തിരുത്തിയെ തിരൂ. ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും. ഉറപ്പായും. അത്രയ്ക്കുണ്ട് ആ സിനിമയുടെ പോപ്പുലാരിറ്റി.

ഡോ സുൽഫി നൂഹു