തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഇന്ന് കെഎസ്ആർടിസി ബസുകൾക്ക് നേരേ നടന്നത് വ്യാപക കല്ലേറ്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വ്യാപക അക്രമം നടക്കുന്നത്.

ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകൾ, രണ്ട് ലോറികൾ എന്നിവയുടെ ചില്ലുകൾ തകർന്നു. കല്ലെറിഞ്ഞവർ പൊലീസിനെ വെട്ടിച്ച് ബൈക്കിൽ കടന്നുകളഞ്ഞു. ആലപ്പുഴയിൽ കെഎസ്ആർടിസി ബസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.

കോഴിക്കോട് രണ്ട് കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലേറുണ്ടായി. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയുന്നു. തിരുവനന്തപുരം പോത്തൻ കോട് മഞ്ഞമലയിൽ കടകൾ ഹർത്താൽ അനുകൂലികൾ ബലമായി അടപ്പിച്ചു. ബലരാമപുരത്തും കടകൾക്ക് നേരെ ആക്രമണമുണ്ടായി. കട അടിച്ചു തകർക്കുകയും പഴക്കുലകൾ വലിച്ചെറിയുകയും ചെയ്തു.വ്യാപകമായി കല്ലേറും മറ്റും ഉള്ളതിനാൽ കെ എസ് ആർ ടി സി സർവ്വിസുകൾ പൊലീസ് എസ്‌കോർട്ടോടു കൂടിയോ പൊലീസ് നിർദ്ദേശത്തോടെയോ മാത്രമാകും നടത്തുക.

ഹർത്താലിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ കെഎസ്ആർടിസി അപേക്ഷിച്ചു. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്കെതിരെ നടക്കുന്ന കല്ലേറുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്നത് ദയവായി അവസാനിപ്പിക്കണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു. ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ലയെന്ന തിരിച്ചറിവ് ഉണ്ടാവണമെന്നും അറിയിച്ചു.

കുറിപ്പ് ഇങ്ങനെ:

ഞങ്ങളോട് ...

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...

ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.