തിരുവനന്തപുരം; ജോലിക്കു പോകുമ്പോൾ ഉറ്റവരുടെ കൈകളിൽ കുഞ്ഞുങ്ങളെ ഏൽപ്പിച്ച് യാത്രപറഞ്ഞിറങ്ങുന്ന അച്ഛനമ്മമാരെ പിന്തുടരുന്ന ആ കുഞ്ഞിക്കണ്ണുകളിലെ വേദന പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. അവരുടെ കളിക്കൊഞ്ചലുകളും വളർച്ചയുമെല്ലാം വീഡിയോ കോളിലൂടെ കണ്ട് കണ്ണീരണിയുന്ന പ്രവാസികളുടെ വേദനയും നേരിട്ട് അറിയാറുണ്ട്. ജോലിക്ക് പോകാനിറങ്ങുന്ന അമ്മയെ യാത്രയാക്കുന്ന ഒരു കുഞ്ഞിന്റെ ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

കേരള പൊലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് അത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക വേഷത്തിൽ ജോലിക്കു പോകുന്ന വനിതാ പൊലീസുകാരിയായ അമ്മയും അമ്മൂമ്മയുടെ കൈകളിലിരുന്ന് യാത്ര പറയുന്ന കുഞ്ഞുമാണ് വീഡിയോയിലുള്ളത്. അമ്മ കുഞ്ഞിനെ ഉമ്മ വെയ്ക്കുന്നതും കൊഞ്ചിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

'മക്കളെ ഉൾപ്പെടെ വേണ്ടപ്പെട്ടവരിൽ നിന്നും അകന്ന് കർത്തവ്യ നിർവഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കു വേണ്ടിയും ഈ വീഡിയോ സമർപ്പിക്കുന്നു'- എന്നും വീഡിയോക്ക് താഴെ കേരള പൊലീസ് കമന്റ് ആയി ചേർത്തിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്ന എല്ലാ അമ്മമാരുടേയും അവസ്ഥ ഇതാണെന്നും അമ്മയ്ക്കും കുഞ്ഞിനും സ്നേഹം എന്നുമെല്ലാം ആളുകൾ പ്രതികരിച്ചിട്ടുണ്ട്. പ്രവാസികളായ അച്ഛന്റേയും അമ്മയുടേയും അവസ്ഥ ഇതിലും സങ്കടകരമാണെന്നും കമന്റിൽ ആളുകൾ പറയുന്നു.