തിരുവനന്തപുരം: സ്ഫടികം എന്ന വിസ്മയം പുത്തൻ കെട്ടിലും മട്ടിലും പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്താൻ ഇനി അധിക ദിവസങ്ങളില്ല. ഒരുകോടി രൂപ മുതൽമുടക്കിലാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് നടന്നുകൊണ്ടിരിക്കുന്നത്. ചില രംഗങ്ങളെല്ലാം സംവിധായകൻ ഭദ്രൻ വീണ്ടും ചിത്രീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ സ്ഫടികത്തിലെ ഏറ്റവും ഹൈലൈറ്റായ ഏഴിമല പൂഞ്ചോല എന്ന ഗാനത്തിന്റെ റീ റെക്കോഡിങ് രംഗങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

മോഹൻലാലും ചിത്രയും ആലപിച്ച ഗാനം മഹാനടൻ വീണ്ടും ആലപിക്കുന്ന ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. ''കൊഞ്ചടി കൊഞ്ചടി ആറ്റുമുത്തേ'' എന്ന വരികൾ അതേ താളത്തിൽ ശബ്ദത്തിലും റെയ്ബാൻ വച്ച് ആലപിക്കുന്ന ലാൽ വീണ്ടും വിസ്മയം തീർക്കുകയാണ് പ്രേക്ഷകന് മുന്നിൽ.സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ്, ഭദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലാലിന്റെ ആലാപനം.

 

സ്ഫടികത്തിന്റെ വിജയത്തിളക്കം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയാത്ത യുവജനതയ്ക്ക് വേണ്ടിയാണ് റീ മാസ്റ്ററിങ് ചെയ്ത് ചിത്രം പുറത്തിറക്കുന്നതെന്ന് ഭദ്രൻ പ്രതികരിച്ചിരുന്നു. പാട്ടിന്റെ റെക്കോർഡിങ്ങ് വേളയിൽ മോഹൻലാലിന് സംവിധായകൻ ഭദ്രൻ പുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിക്കുകയും ചെയ്തിരുന്നു.

'സ്ഫടികം' സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളിൽ നിർമ്മാണ് ചിലവുമായാണ് 'സ്ഫടികം' ഫോർ കെ പതിപ്പ് എത്തുന്നത്. പഴയതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ തെളിവോടെയും മിഴിവോടെയും ഫോർ കെ അറ്റ്‌മോസ് മിക്‌സിലാണ് 'സ്ഫടികം' റിലീസ് ചെയുന്നത്.

ചെന്നൈയിൽ പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വച്ചാണ് റീ മാസ്റ്ററിങ് പൂർത്തിയായത്. ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.