കാസർകോട്: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി വിവാഹം തീരുമാനിച്ച ശേഷം വരനെക്കുറിച്ച് കൂടുതൽ 'അന്വേഷിക്കാൻ' പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് ലഭിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത സഹായം.

പ്രതിശ്രുത വരനെക്കുറിച്ച് കൂടുതലറിയാനായാണ് യുവതി സഹോദരിക്കും മാതാവിനും ഒപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയത്. താൻ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ വിവരങ്ങൾ കേട്ടപ്പോൾ യുവതി ഒന്ന് ഞെട്ടി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ വരന്റെ യഥാർഥ ഗുണവിവരങ്ങൾ വിശദീകരിച്ചു നൽകിയതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

താൻ വിവാഹം കഴിക്കാൻ പോകുന്ന ആൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസിൽ പ്രതിയാണെന്നുമറിഞ്ഞതോടെയാണ് വിവാഹത്തിൽ നി്ന്നും പിന്മാറിയത്. തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പൊലീസിനു നന്ദിയും പറഞ്ഞാണ് യുവതി സ്റ്റേഷനിൽ നിന്നും മടങ്ങിയത്. നാർകോട്ടിക് സെൽ ഡിവൈഎസ്‌പി എം എ മാത്യുവാണ് ദിവസങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.

മാത്യുവിന്റെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ 49 സെക്കൻഡിലുള്ള ഈ ഭാഗമാണ് വൈറലായത്. കഴിഞ്ഞ ഡിസംബർ 24ന് കാസർകോട് നടന്ന ലഹരി വിരുദ്ധ ബോധൽക്കരണ ക്ലാസിലായിരുന്നു ഇദ്ദേഹം നടന്ന ഈ സംഭവം ലോകത്തെ അറിയിച്ചത്. നാല് മാസം മുൻപ് നടന്ന സംഭവമാണ് ലഹരി വിരുദ്ധ ബോധൽക്കരണ ക്ലാസിൽ ഇദ്ദേഹം വിവരിച്ചത്. വീഡിയോ ഇപ്പോൾ വൈറലായതോടെ ഇതിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടി യുവാവുമായി പരിചയപ്പെട്ടത്. ഇയാളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ അറിയാൻ പ്രതിശ്രുത വധുവും സഹോദരിയും മാതാവുമാണ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. ലഹരിക്കേസിലെ പ്രതിയാണോ? ലഹരി ഉപയോഗിക്കുന്നയാൾ ആണോ എന്നറിയാനാണു ഇവർ പൊലീസുകാരുടെ സഹായം തേടിയത്.

യുവാവിന്റെ ഫോട്ടോയും വിലാസവും കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥരും ഞെട്ടി. ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഇത്തരത്തിൽ മൂന്ന് കേസുകളിലെ പ്രതിയാണെന്നും പൊലീസുകാർ വ്യക്തമാക്കി. ഇതോടെ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. മാത്യുവിന്റെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ 49 സെക്കൻഡിലുള്ള ഈ ഭാഗമാണ് വൈറലായത്.