കൊച്ചി: പിറന്നാൾ ആഘോഷങ്ങളിൽ മനം നിറഞ്ഞ് യേശുദാസ്. ഗാന ഗന്ധർവ്വന്റെ പിറന്നാൽ ദിനത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷത്തിൽ അമേരിക്കയിലിരുന്ന് ഡിജിറ്റലായി പങ്കുചേരുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ പ്രിയ ഗായകൻ കെ.ജെ. യേശുദാസിന്റെ 83-ാം പിറന്നാൾ സ്‌നേഹസംഗമമൊരുക്കിയാണ് മലയാളക്കര ആഘോഷിച്ചത്. യേശുദാസ് അക്കാദമിയാണ് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ജന്മദിനാഘോഷമൊരുക്കിയത്.

അമേരിക്കയിൽ ഡാലസിലുള്ള യേശുദാസും ഭാര്യ പ്രഭയും വേദിയിലെ ഡിജിറ്റൽ സ്‌ക്രീനിലൂടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ആഘോഷങ്ങളിൽ പങ്കുചേരാൻ മമ്മൂട്ടിയുമെത്തി. 'ഇവിടെ നിന്ന് അമേരിക്കയിലേക്കു കാണുന്ന ക്യാമറ ഏതാണ്?' വേദിയിലെത്തുമ്പോൾ മമ്മൂട്ടി ആദ്യം ചോദിച്ചത് ഇതായിരുന്നു. വിജയ് യേശുദാസ് ചൂണ്ടിക്കാണിച്ച ക്യാമറയെ നോക്കി മമ്മൂട്ടി പറഞ്ഞു, ''ദാസേട്ടാ, ഹാപ്പി ബർത്ത് ഡേ''. ആ നേരത്ത് കാതങ്ങൾക്കപ്പുറത്ത് അമേരിക്കയിൽനിന്ന് ഗാനഗന്ധർവന്റെ രൂപം വലിയ സ്‌ക്രീനിൽ തെളിഞ്ഞു.

തൂവെള്ള വസ്ത്രത്തിൽ പുഞ്ചിരി തൂകി കൂപ്പുകൈകളോടെ അദ്ദേഹത്തിന്റെ മറുപടിയുമെത്തി. ''സർവത്തിന്റെയും കാരണഭൂതനായ ജഗദീശ്വരന് പ്രണാമം. ജന്മദിനത്തിൽ ഇത്ര ദൂരെയാണെങ്കിലും ഓൺലൈനിലൂടെ നിങ്ങളുടെ മുന്നിലെത്തി സംസാരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം''. വേദിയിൽ യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ 'തനിച്ചൊന്നുകാണാൻ' ആൽബം മമ്മൂട്ടി പ്രകാശനം ചെയ്തു. കലാസാഹിത്യ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും ഒന്നിച്ച വേദിയിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പിറന്നാൾ കേക്ക് മുറിച്ചു.

ഗായക സംഘടനയായ 'സമ'ത്തിന്റെ ആഭിമുഖ്യത്തിൽ ഉണ്ണി മേനോൻ, എം.ജി. ശ്രീകുമാർ, വിജയ് യേശുദാസ്, ബിജു നാരായണൻ, സുദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ഗായകർ 'ഗാനമാലിക'യായി ആശംസാ ഗീതാഞ്ജലി അർപ്പിച്ചു. ജില്ലാ കളക്ടർ രേണുരാജ്, നടന്മാരായ സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം നസീർ, നാദിർഷാ, ഗാനരചയിതാക്കളായ കൈതപ്രം ദാമോദരൻ നമ്പൂതിരി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ആർ.കെ. ദാമോദരൻ, ഷിബു ചക്രവർത്തി, സംഗീത സംവിധായകരായ വിദ്യാധരൻ, ബേണി ഇഗ്‌നേഷ്യസ്, ശരത്, ടി.എസ്. രാധാകൃഷ്ണൻ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു തുടങ്ങി ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു.