മുന്നിൽ കാണുന്നത് മൃഗമായാലും മനുഷ്യനായാലും ഒറ്റക്കുതിപ്പിന് കീഴ്‌പ്പെടുത്തുന്നവരാണ് സിംഹങ്ങളും കടുവകളും. ഇവ കൂട്ടിൽ കിടന്നാലും അടുത്തു ചെല്ലാൻ ആരും ഒന്ന് ഭയപ്പെടും. അപ്പോൾ ഇവയുടെ മുന്നിലകപ്പെട്ടാലുള്ള അവസ്ഥ പറയുകയേ വേണ്ട. എപ്പോൾ കൊന്നു തിന്നെന്ന് ചോദിച്ചാൽ മതി. എന്നാൽ വന്യജീവികളുടെ പെരുമാറ്റത്തെ കുറിച്ചുള്ള പൊതുബോധത്തിനപ്പുറം പലതും ഉണ്ടെന്ന് പറഞ്ഞു തരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ രമേശ് പാണ്ഡെ പങ്കുവച്ച ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തൊട്ടമുന്നിൽ ഒരു മാൻ എത്തിയിട്ടും അതിനെ ആക്രമിക്കാനോ ഭയപ്പെടുത്താനോ മുതിരാതെ സ്വന്തം കാര്യം നോക്കി പോവുന്ന കടുവയാണ് വീഡിയോയിലുള്ളത്. ഉത്തരാഖണ്ഡിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഒരു വനപാതയുടെ നടുക്ക് കിടക്കുന്ന കടുവയെ വിഡിയോയിൽ കാണാം. അതിന് ഒറ്റ കുതിപ്പുകൊണ്ട് കീഴ്‌പ്പെടുത്താവുന്ന അകലത്തിൽ ഒരു മാനും നിൽക്കുന്നുണ്ട്.

കടുവയെ കണ്ട മാൻ പേടിച്ച് എന്തുചെയ്യണമെന്നറിയാതെ അതേ സ്ഥലത്ത് തന്നെ തുടരുകയാണ്. ഏതാനും നിമിഷങ്ങൾക്കുശേഷം കടുവ കിടന്നിടത്തു നിന്നും എഴുന്നേറ്റു. മാനിനെ ഇപ്പോൾ ആക്രമിച്ച് കീഴപ്പെടുത്തുമെന്ന മട്ടിലാണ് കടുവയുടെ പെരുമാറ്റം. എന്നാൽ വളരെ ശാന്തതയോടെ ആയിരുന്നു കടുവയുടെ പെരുമാറ്റം. അങ്ങനെയൊരു മൃഗം തന്റെ മുന്നിലേയില്ലെന്ന് മട്ടിൽ വളരെ സാവധാനത്തിൽ കടുവ മുന്നോട്ടു നടന്നു നീങ്ങുകയായിരുന്നു.

തിരികെ കിട്ടിയ ജീവനുംകൊണ്ട് മാൻ അവിടെ നിന്നും പായുകയും ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വിശപ്പകറ്റാൻ മാത്രമേ വന്യജീവികൾ മറ്റൊരു ജീവനെ ആക്രമിക്കൂ എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങൾ. വിശപ്പ് തോന്നുകയോ പ്രകോപിതരാകുകയോ ചെയ്യാത്ത പക്ഷം കടുവകൾ മറ്റു ജീവികളെ ആക്രമിക്കാൻ മുതിരാറില്ല. കടവയുടെ പെരുമാറ്റം കണ്ട് വന്യജീവികളിൽ നിന്ന് പോലും മനുഷ്യന് ഏറെ പഠിക്കാനുണ്ട് എന്ന തരത്തിൽ പ്രതികരണങ്ങൾ അറിയിക്കുന്നവരുമുണ്ട്. ഉത്തരാഖണ്ഡ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്വിറ്റർ പേജിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു.