ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെ തകർപ്പൻ വിജയത്തോടെയാണ് രാജസ്ഥാൻ റോയൽസ് ഐപിഎൽ പുതിയ സീസൺ ആരംഭിച്ചത്. ഹൈദരാബാദിനെ 72 റൺസിനാണ് സഞ്ജു സാംസണും സംഘവും തോൽപ്പിച്ചത്. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ രാജസ്ഥാൻ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് യഷസ്വി ജെയ്‌സ്വാൾ (54), ജോസ് ബട്‌ലർ (54), സഞ്ജു (55) എന്നിവരുടെ അർധ സെഞ്ചുറികളുടെ കരുത്തിൽ രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനാണ് സാധിച്ചത്. രാജസ്ഥാന് 72 റൺസിന്റെ കൂറ്റൻ ജയം. നാല് വിക്കറ്റ് നേടിയ യൂസ്വേന്ദ്ര ചാഹൽ ഹൈദരാബാദിനെ തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഹൈദരാബാദിന്റെ ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മലയാളി താരം കെ എം ആസിഫ് പതിനഞ്ചാം ഓവർ എറിഞ്ഞ് പൂർത്തിയാക്കുന്നതിനിടെയാണ് സംഭവം. അഞ്ച് ഓവർ എറിയുമ്പോൾ ബട്‌ലർ സഞ്ജുവിനോട് ചോദിക്കുന്നുണ്ട്, പന്തെറിയട്ടെയെന്ന്. എന്നാൽ സഞ്ജുവിൻെ മറുപടി എന്താണെന്ന് വ്യക്തമായിട്ടില്ല. സഞ്ജു പറഞ്ഞതിനോട് ബട്‌ലർ ചിരിച്ചുകാണിക്കുന്നതും വീഡിയോയിൽ ദൃശ്യമായി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ബട്‌ലർക്ക് പന്തെറിയാനുള്ള അവസരം ലഭിച്ചിരുന്നില്ല. വീഡിയോ കാണാം...

നേരത്തെ ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബട്ലർക്കായിരുന്നു. 22 പന്തിൽ നിന്നാണ് 54 റൺസ് അടിച്ചെടുത്തത്. ഇതിൽ, മൂന്ന് സിക്സും ഏഴ് ബൗണ്ടറിയും ഉണ്ടായിരുന്നു. യഷസ്വി ജയ്സ്വാളിനൊപ്പം ഒന്നാം വിക്കറ്റിൽ 85 റൺസാണ് ബട്ലർ കൂട്ടിചേർത്തത്.

ഫസൽഹഖ് ഫാറൂഖിയെറിഞ്ഞ ആറാം ഓവറിന്റെ അഞ്ചാം പന്തിൽ ബൗൾഡാവുകയായിരുന്നു ബട്ലർ. ബട്ലർ മടങ്ങിയെങ്കിലും സഞ്ജു- ജെയ്സ്വാൾ സഖ്യം ടീമിനെ മനോഹരമായി മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 54 റൺസാണ് കൂട്ടിചേർത്തത്.

ജെയ്സ്വാളിനേയും ഫാറൂഖി മടക്കുകയായിരുന്നു. മധ്യനിര താരങ്ങളായ ദേവ്ദത്ത് പടിക്കൽ (2), റിയാൻ പരാഗ് (7) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ഷിംറോൺ ഹെറ്റ്മയെറെ (22) കൂട്ടുപിടിച്ച് സഞ്ജു സ്‌കോർ ഉയർത്തി. 19-ാം ഓവറിൽ ടി നടരാജന്റെ പന്തിൽ ബൗണ്ടറി ലൈനിൽ അഭിഷേക് ശർമയ്ക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങുന്നത്.

മത്സര ശേഷം ജോസ് ബട്ലറെ പ്രശംസിക്കാൻ സഞ്ജു മറന്നില്ല. 'ജോസ് ബട്ലറുടെ സാന്നിധ്യം ടീമിലേക്ക് ഏറെ ഊർജം കൊണ്ടുവരുന്നു. യശസ്വി ജയ്സ്വാൾ ഈ സീസണിൽ ബാറ്റ് ചെയ്യുന്നത് നിങ്ങൾ കാണുന്നുണ്ട്. യുവതാരങ്ങളെ ബട്ലർ പ്രചോദിപ്പിക്കുന്നു. വളരെ ഗൗരവമുള്ള ഒരാളായി അദേഹത്തെ തോന്നുമെങ്കിലും ടീമിനുള്ളിൽ രസികനാണ്. സഹതാരങ്ങളോട് എറെ സംസാരിക്കാൻ ബട്ലർ ഇഷ്ടപ്പെടുന്നു. താരങ്ങൾ അദേഹത്തിൽ നിന്ന് ഏറെ പഠിക്കാനും ശ്രമിക്കുന്നു' എന്നും സഞ്ജു സാംസൺ പറഞ്ഞു. ടീമിലെ യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജൂരൽ എന്നിവരെ സഞ്ജു സാംസൺ പിന്തുണച്ചു. ഇവർക്കെല്ലാം മികച്ച ആഭ്യന്തര സീസണുണ്ടായിരുന്നു എന്ന് സഞ്ജു സാംസൺ ഓർമ്മിപ്പിച്ചു.