കൊൽക്കത്ത: ഏകദിന ലോകകപ്പിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ വിജയങ്ങളിൽ പങ്കാളിയായ പേസർ മുഹമ്മദ് ഷമിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. ഇരുവരുടെയും വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു വഴിക്ക് നീങ്ങുന്നതിനിടെയാണ് ദൗർഭാഗ്യകരമായ പരാമർശം.

ഷമി നന്നായി കളിച്ചാൽ, ആ പ്രകടനം ടീമിൽ സ്ഥാനമുറപ്പിക്കാൻ സഹായിക്കും. മാത്രമല്ല, കൂടുതൽ പണം സമ്പാദിക്കാനും കഴിയും. അങ്ങനെ സമ്പാദിക്കുന്നതിലൂടെ എന്നേയും മകളുടേയും ഭാവി സുരക്ഷിതമാക്കാനും സാധിക്കുമെന്നാണ് ജഹാൻ പറഞ്ഞത്.

മുൻ ഭാര്യ ഹസിൻ ജഹാന്റെ വാക്കുകളിങ്ങനെ... ''ഞാൻ ക്രിക്കറ്റ് കാണാറില്ല, ക്രിക്കറ്റ് താരങ്ങളുടെ ആരാധകനുമല്ല. എനിക്ക് കളിയെ കുറിച്ച് അത്ര ധാരണയില്ല. അതുകൊണ്ടുതന്നെ ഷമിയുടെ പ്രകടനത്തെ കുറിച്ച് എനിക്കറിയില്ല. ഷമി നന്നായി കളിച്ചാൽ, ആ പ്രകടനം ടീമിൽ സ്ഥാനമുറപ്പിക്കാൻ സഹായിക്കും. മാത്രമല്ല, കൂടുതൽ പണം സമ്പാദിക്കാനും കഴിയും. അങ്ങനെ സമ്പാദിക്കുന്നതിലൂടെ എന്നേയും മകളുടേയും ഭാവി സുരക്ഷിതമാക്കാനും സാധിക്കും.'' ജഹാൻ വ്യക്തമാക്കി. ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് ഇല്ലെന്നും ജഹാൻ കൂട്ടിചേർത്തു.

രാജ്യം മുഴുവൻ മികച്ച കളിക്കാരിലൊരാളായ ഷമിക്ക് ആശംസകൾ നേരുമ്പോൾ മുൻ ഭാര്യയിൽ നിന്നുണ്ടായ പരാമർശം അധിക്ഷേപകരമെന്നാണ് ക്രിക്കറ്റ് ആരാധകർ കുറ്റപ്പെടുത്തുന്നത്. എന്തിന്റെ പേരിലായാലും രാജ്യത്തിന് വേണ്ടി മത്സരത്തിന് ഇറങ്ങുന്നയാളെ ഇത്തരത്തിൽ അപമാനിക്കരുതായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

നാല് മത്സരങ്ങളിൽ 16 വിക്കറ്റാണ് ഷമി ഇതുവരെ വീഴ്‌ത്തിയത്. വിക്കറ്റ് വേട്ടക്കാരിൽ നാലാ സ്ഥാനത്താണ് ഷമി. ഈ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയാണ് ഷമി അരങ്ങേറിയത്. ആ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ ഷമി സ്വന്തമാക്കി. അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരെ. താരം നിരാശപ്പെടുത്തിയില്ല. നാല് വിക്കറ്റാണ് വീഴ്‌ത്തിയത്. ശ്രീലങ്കയ്ക്കെതിരെ വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനം. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടും വിക്കറ്റും ഷമി നേടിയിരുന്നു.

ഇക്കഴിഞ്ഞ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് ഷമിക്കെതിരെ ഹസിൻ കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2018 മാർച്ച് ഏഴിന് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചിത്രങ്ങൾ പുറത്തുവിട്ടു. ഇതുതന്നെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. ഷമിക്ക് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നും ഹസിൻ ആരോപിച്ചിരുന്നു. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു.

തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.