കന്യാകുമാരി: രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുമായി സംവദിച്ചാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. ജോഡോ ഇപ്പോൾ കേരളത്തിലേക്കു കടന്നുകഴിഞ്ഞു. തമിഴ്‌നാട്ടിൽ മൂന്ന് ദിവസത്തെ കാൽനടയാത്രയിൽ ജനങ്ങളെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ഉയർന്നുവന്നിരുന്നു. അതിനിടെ രസകരമായ നിരവധി അനുഭവങ്ങളും രാഹുലിനും സംഘത്തിനുമുണ്ടായി. ഇതിന്റെ ചിത്രങ്ങൾ യാത്രയ്ക്ക് ഒപ്പമുള്ള കോൺഗ്രസ് എംപി ജയ്‌റാം രമേഷ് പുറത്തുവിട്ടിരുന്നു.

ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള കൗതുകകരമായ ചിത്രങ്ങളാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയ്റാം രമേഷ് പങ്കുവച്ചിട്ടുള്ളത്. യാത്രയുടെ മൂന്നാം ദിവസം തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട സ്ത്രീകളുമായി രാഹുൽ സംവദിക്കുന്ന ചിത്രങ്ങളാണ് രസകരമായ കുറിപ്പോടെ ജയ്റാം രമേഷ് പങ്കുവെച്ചത്.

'തൊഴിലുറപ്പ് സ്ത്രീകളുമായി സംവദിക്കുന്നതിനിടെ ഒരു സ്ത്രീ രാഹുലിനോട് ഇങ്ങനെ പറയുകയുണ്ടായി, രാഹുൽ ഗാന്ധി തമിഴ്‌നാടിനെ സ്‌നേഹിക്കുന്നുണ്ടെന്ന് തങ്ങൾക്ക് അറിയാം. രാഹുലിന് വേണ്ടി ഒരു തമിഴ് പെൺകുട്ടിയെ കണ്ടെത്താൻ തങ്ങൾ തയ്യാറാണെന്നായിരുന്നു സ്ത്രീ പറഞ്ഞതെന്ന് ജയ്റാം രമേഷ് കുറിച്ചു. ചിരിയായിരുന്നു രാഹുലിന്റെ പ്രതികരണം. അവരുടെ സംസാരം രാഹുലിനെ രസിപ്പിച്ചുവെന്ന് ചിത്രം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സ്ത്രീകൾക്കൊപ്പമുള്ള രാഹുലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ യാത്ര പൂർത്തിയാക്കിയ സംഘം നിലവിൽ കേരളത്തിലാണുള്ളത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് അവസാനിക്കുക. സെപ്റ്റംബർ 8നാണ് യാത്ര ആരംഭിച്ചത്. 118 പേരാണ് രാഹുലിനൊപ്പം യാത്രയിലുള്ളത്.

യാത്രയിൽ പങ്കെടുക്കുന്നത് കേവലം രാഷ്ട്രീയ നിലപാട് മാത്രമല്ല, ത് വ്യക്തിപരമായ യാത്രകൂടിയാണ്. യാത്രയിലൂടെ രാജ്യത്തെ മനസ്സിലാക്കുന്നതിനൊപ്പം സ്വയം മനസ്സിലാക്കാനും ആഗ്രഹിക്കുന്നു, രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം, ഞാൻ അൽപ്പം കൂടി വിവേകശാലിയാവുമെന്നാണ് കരുതുന്നതെന്നായിരുന്നു ഭാരത് ജോഡോ യാത്രയെ കുറിച്ച് രാഹുൽ നേരത്തെ പറഞ്ഞത്.