ന്യൂഡൽഹി: അന്തരിച്ച ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ജന്മദിനത്തിൽ ഹൃദയം തൊടുന്ന ഓർമ്മ കുറിപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. ഈ ജന്മദിനത്തിൽ നിന്നെ ഓർക്കുന്നു വോണി എന്നാണ് സച്ചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ക്രിക്കറ്റ് മൈതാനത്ത് കടുത്ത എതിരാളികളും കളത്തിനു പുറത്ത് ആത്മബന്ധം സൂക്ഷിച്ച സുഹൃത്തുക്കളുമായിരുന്നു ഇരുവരും.

ഒരു കാലത്ത് ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടങ്ങൾ സച്ചിനും വോണും തമ്മിലുള്ള പോരാട്ടങ്ങൾ എന്ന തലത്തിലേക്ക് വരെ വളർന്നിരുന്നു. 1998-ൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനിടെ പിച്ചിലെ ഇരുവരുടെയും പോരാട്ടങ്ങൾ ക്രിക്കറ്റിലെ നാടോടിക്കഥകളുടെ ഭാഗമാണ്.

1969 സെപ്റ്റംബർ 13നാണ് വോണിന്റെ ജനനം. ' വോണി, ജന്മദിനത്തിൽ നിന്ന് ഓർക്കുന്നു. നീ പോയത് വളരെ നേരത്തെയായി. നിന്നോടൊപ്പം അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങളുണ്ടായിരുന്നു. അവ എന്നെന്നും ഞാൻ ഓർക്കും സുഹൃത്തേ.' - വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

ഈ വർഷം മാർച്ച് നാലിന് തായ്ലൻഡിൽവച്ചായിരുന്നു 52-കാരനായിരുന്ന വോണിന്റെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. താരത്തെ അദ്ദേഹം താമസിച്ചിരുന്ന തായ്ലൻഡിലെ കോ സാമുയിയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ സ്റ്റാഫ് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വോണിന്റേത് സ്വാഭാവിക മരണമാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. വോണിന്റെ മരണത്തിൽ ദുരൂഹതകളൊന്നും ഇല്ലെന്നും തായ്‌ലൻഡ് പൊലീസ് വ്യക്തമാക്കിയിരുന്നു.

റൺവേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും നേർക്കുനേർ വരുന്നത് പലപ്പോഴും ക്രിക്കറ്റ് ലോകം ആഘോഷിച്ചിരുന്നു. എന്നാൽ ഇരുവർക്കും ഇടയിൽ വലിയ സൗഹൃദം നിലനിന്നിരുന്നു. 708 ടെസ്റ്റ് വിക്കറ്റും 293 ഏകദിന വിക്കറ്റും വീഴ്‌ത്തിയ വോൺ 1992 മുതൽ 2007 വരെ വോൺ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിരുന്നു.