കൊച്ചി:ഒട്ടേറെ വിവാദങ്ങൾക്കൊപ്പം തന്നെ 2021ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'.മലയാളിയുടെ ആണാധിപതയത്തിന്റെ അടുക്കളയിലേയ്ക്കും അകത്തളങ്ങളിലേയ്ക്കും തിരിച്ച് വച്ച കണ്ണാടി പോലെയായിരുന്നു സിനിമയുടെ പ്രമേയാവതരണം.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ സമാന വിഷയം കൈകാര്യം ചെയ്ത സിനിമയിലെ സുരാജിന്റെ നായക കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടൊപ്പം തന്നെ ഏറെ വിദ്വേഷപ്രചാരണങ്ങൾക്കും വഴിവെച്ചിരുന്നു.ഒരു വിഭാഗം ആളുകളിൽ നിന്ന് അന്ന് നേരിടേണ്ടി വന്ന എതിർപ്പിനും വിദ്വേഷ പ്രചരണങ്ങൾക്കുമെതിരെ പ്രതികരിച്ചിരിക്കുകയാണ് നടനിപ്പോൾ.

അതെല്ലാം ആളുകളുടെ അഭിപ്രായമാണെന്നും സിനിമയെ സിനിമയായി കാണുകയാണ് വേണ്ടതെന്നുമായിരുന്നു ഇക്കാര്യത്തിൽ സുരാജിന്റെ പ്രതികരണം.'അതെല്ലാം അവരുടെ അഭിപ്രായമാണ്. സിനിമയെ സിനിമയായി കാണുക. പി ജെ ആന്റണിക്ക് ആദ്യ നാഷണൽ അവാർഡ് ലഭിക്കുന്നത് 'നിർമ്മാല്യം' എന്ന സിനിമയിൽ ആണ്. അതിലെ അദ്ദേഹത്തിന്റെ വേഷം നോക്കൂ. അതുകൊണ്ട് സിനിമയെ സിനിമയായി കാണണം,' സുരാജ് പറഞ്ഞു. 'റോയ്' സിനിമയുടെ റിലീസിന് ശേഷം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകവേയായിരുന്നു നടന്റെ പ്രതികരണം.സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത റോയ് ഡിസംബർ 9 ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥയും സുനിൽ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.