ഫോൺ ഇതുവരെ ഇറക്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വില കൂടിയ ഫോൺ സെപ്റ്റംബറിൽ എത്തുമ്പോൾ അതു വാങ്ങാനായി ആപ്പിൾ ആരാധകർക്ക് ഇപ്പഴേ സമ്പാദ്യ ശീലം വളർത്തേണ്ടതായി വരും. സെപ്റ്റംബറിൽ ഇറങ്ങാൻ ഇരിക്കുന്ന ഐഫൊൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഇതുവരെ ഇറങ്ങിയ എല്ലാ മോഡലുകളേക്കാൾ വിലകൂടിയതായിരിക്കും എന്നാണ് ഹോങ്കോംഗ് ആസ്ഥനമാക്കിയുള്ള ആപ്പിൾ അനലിസ്റ്റ് ജെഫ് പു പറയുന്നത്.

സുപ്രധാനമായ ഹാർഡ്വെയർ അപ്ഡേറ്റ് നടത്തിയതിനാൽ ഈ വർഷം രണ്ട് മോഡലുകൾക്ക് ആപ്പിൾ വില വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ടൈറ്റാനിയം ഫ്രെയിം, എ 17 ബയോണിക് ചിപ് എന്നിവയായിരുന്നു സുപ്രധാന അപ്ഡേറ്റുകൾ. പുതിയ മോഡലുകളുടെ വില എത്രയായിരിക്കും എന്ന കൃത്യമായ സൂചന പു നൽകുന്നില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 പ്രോയും പ്രോ മാക്സും യഥാക്രമം 999 ഡോളറും 1099 ഡോളറും വിലവരുന്നതായിരുന്നു എന്നോർക്കുക.

പുതിയ മോഡലിന്റെ നല്ലൊരു ചിത്രം പോലും ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും, സെപ്റ്റംബറിൽ ഇറഞ്ഞാനിരിക്കുന്ന ഐഫോൺ 15 ഇപ്പോൾ തന്നെ ചൂടൻ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. മുൻ മോഡലുകളേക്കാൾ വളരെ വില ഏറിയതാകും ഇതെന്നാണ് പു തറപ്പിച്ചു പറയുന്നത്. ഐഫോൺ 15 നെ കുറിച്ച് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഇങ്ങനെയാണ്.

കനം കുറഞ്ഞ ബേസെൽ, ഫിസിക്കൽ ബട്ടണുകളുടെ അഭാവം, കട്ടികൂടീയ ക്യാമറ ബമ്പ്, റൗണ്ട് ആയ അരികുകൾ, എ 17 ബയോണിക് ചിപ്, ടൈറ്റാനിയം ഫ്രെയിം, ലൈറ്റിംഗിനു പകരം യു എസ്ബി - സി പോർട്ട് എന്നിവയായിരിക്കും ഇതിന്റെ സവിശേഷതകൾ എന്ന് പറയപ്പെടുന്നു. ഈ വർഷം പുറത്തിറങ്ങുന്ന ഐഫോൺ 15 ന് ആപ്പിൾ വില വർദ്ധിപ്പിക്കുമെന്ന് വീബോ പോസ്റ്റും പറയുന്നു.

മറ്റു ചില റിപ്പോർട്ടുകൾ പറയുന്നത് ഈ വർഷം മുതൽ ഐഫോൺ 15 പ്രോ മാക്സ് എന്ന പേരുമാറ്റി ഐഫോൺ അൾട്ര എന്നാക്കും എന്നാണ്. ഐഫോൺ 15 പ്രോയുടെ വിലയുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ വാർത്തകളാണ് പുറത്തു വരുന്നത് തായ്വാന്റെ യുണൈറ്റഡ് ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നത് ഐഫോൺ 15 കുടുംബത്തിൽ ഫോണുകൾക്ക് പ്രാദേശിക കറൻസിയിൽ 20,000 വരെ വില ആകുമെന്നാണ്. അതായത് 2,900 ഡോളർ അല്ലെങ്കിൽ 2300 പൗണ്ട്.

അതേസമയം, വിലക്കൂടുതലിന്റെ പ്രചാരണം മത്സര രംഗത്തെ എതിരാളികളുടെ കുപ്രചരണം മാത്രമാണെന്നാണ് ആപ്പിൾ പറയുന്നത്. വിലക്കുറഞ്ഞ സ്മാർട്ട് ഫോണുകളിലേക്ക് ആളുകളെ തിരിച്ചു വിടാനുള്ള ഒരു തന്ത്രം മാത്രമാണിതെന്നും കമ്പനി വ്യക്തമാക്കുന്നു. വിലയെന്തായാലും, ഐഫോണിന്റെ അടിസ്ഥാന രൂപ കല്പനയി ആപ്പിൾ ഈ വർഷം കാര്യമായ മാറ്റങ്ങളാണ് വരുത്തുന്നത് എന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.

നേരത്തേ ചോർന്ന് കിട്ടിയ വിവരങ്ങൾ അനുസരിച്ച് കനം കുറഞ്ഞ ബേസെൽ, കട്ടികൂടിയ ക്യാമറ ബമ്പ്, ലൈറ്റിങ് ചാർജ്ജിങ് പോർട്ടിനു പകരമായി യു എസ് ബി-സി പോർട്ട് എന്നിവ ഉണ്ടായിരിക്കും എന്ന് ഈ റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്നു. ലൈറ്റിങ് ചാർജ്ജിങ് ആപ്പിളിന്റെ പ്രൊപ്രൈറ്ററി ഫീച്ചർ ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന നിയമവുമായി പൊരുത്തപ്പെടുന്നതിനാണ് യു എസ് ബി - സി പോർട്ട് നൽകുന്നത്.

ഇതിനെല്ലാം പുറമെ ഐഫോൺ 15 പ്രോ മാക്സിന് കൂടുതൽ സൂം ചെയ്യുന്നതിനായി ഒരു പെരിസ്‌കോപ് ലെൻസ് ഉണ്ടാകുമെന്നും പു അവകാശപ്പെടുന്നു. അതുപോലെ സ്വിച്ച് ഓഫ്, വോള്യം എന്നീ ഫംഗ്ഷണുകൾക്ക് ഫിസിക്കൽ ബട്ടണുകൾ ഉണ്ടായിരിക്കുകയുമില്ല. അതിനിടയിൽ ഐഫോണിനു പകരമായി ഉപയോഗിക്കാവുന്ന മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് ആപ്പിൾ ജൂണിൽ ഇറക്കാൻ ഇരിക്കുകയാണ്. റിയാലിറ്റി പ്രോ എന്ന് പേരിട്ടിരിക്കുന്ന ഇതിന് നോട്ടിഫിക്കേഷനുകൾ, മെസ്സേജുകൾ, ഡയറക്ഷനുകൾ അങ്ങനെ ഐഫോണിലുള്ള എന്തും നിങ്ങളുടെ കൺമുൻപിൽ കാണിക്കാൻ കഴിയും.