മാസങ്ങളായി നീണ്ടുനിന്ന ഊഹോപോഹങ്ങൾക്ക് ഒടുവിൽ ഗൂഗിളിന്റെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്ഫോൺ പുറത്തിറങ്ങി. ഈ വർഷത്തെ ഡവലപ്പേഴ്സ് കോൺഫറൻസിലാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോൾഡും, അതിന്റെ ടാബ്ലെറ്റ് ആയ പിക്സൽ ടബ്ലറ്റും പുറത്തിറക്കിയിരിക്കുന്നത്. അതോടൊപ്പം വില കുറഞ്ഞ പിക്സൽ 7 എ യും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്.

ഏകദേശം 1.47 ലക്ഷം രൂപ (1,799 ഡോളർ) വിലയുള്ള പിക്സൽ ഫോൾഡ് ഇന്നു മുതൽ പ്രീ ഓർഡറിൽ ലഭ്യമാണ്. വിപണിയിൽ ജൂൺ ആകുമ്പോഴേക്കും എത്തും. മടക്കാൻ കഴിയുന്ന ഈ ഫോ ൺ, 5.8 ഇഞ്ചുള്ള ഉപകരണം നിവർത്തുമ്പോൾ 7.6 ഇഞ്ച് വലിപ്പത്തിലുള്ള വലിയ സ്‌ക്രീൻ ലഭ്യമാക്കും. വീഡിയോ ഗെയിമുകൾ കളിക്കാനും, വീഡിയോകൾ കാണാനും, ഫയലുകൾ എഡിറ്റ് ചെയ്യാനുമെല്ലാം ഇത് സൗകര്യപ്രദമായിരിക്കും.

പിക്സൽ ഫോൾഡിലെ രണ്ട് സ്‌ക്രീനുകലും ഒ എൽ ഇ ഡി പാനലുകളാണ് 120 എച്ച് സെഡ് റീഫ്രഷ് നിരക്കുമുണ്ട്. ടെൻസർ 2 ൽ പ്രവർത്തിക്കുന്ന പിക്സൽ ഫോൾഡിൽ 12 ജി ബി റാം ആണുള്ളത്. ഇതൊനൊപ്പം തന്നെയാണ് മടക്കാൻ ആകാത്ത പിക്സൽ ടാബ്ലറ്റും ഗൂഗിൾ പുറത്തിറക്കുന്നത്. ഇതോടെ ഗൂഗിൾ ടാബ്ലെറ്റ് ബിസിനസ്സിലേക്ക് തിരിച്ചു വരികയാണ്. ഉദ്ദേശം 41,000 രൂപ (499 ഡോളർ) ആണിതിന്റെ വില. 11 ഇഞ്ച്, 2560-1600 പിക്സൽ എൽ സി ഡി ഡിസ്പ്ലേയുമായാണ് ഇത് വരുന്നത്.

ഇതും ഇന്നു മുതൽ പ്രീ ഓർഡറിൽ ലഭ്യമാണ്. വിപണിയിൽ ജൂൺ ആകുമ്പോഴേക്കും എത്തിച്ചേരും. ഇതോടൊപ്പം തന്നെ വിലക്കുറവുള്ള പിക്സൽ 7 എ എന്ന സ്മാർട്ട് ഫോണും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. ടെൻസർ2 ചിപ്പിൽ പ്രവർത്തിക്കുന്ന ഇതിൽ 128 ജി ബി സ്റ്റോറേജും 8 ജി ബി റാമും ഉണ്ടായിരിക്കും.

ഐപാഡിന് ഭീഷണിയായി വൺപ്ലസ്സ് പാഡ്

2010 ൽ സ്റ്റീവ് ജോബ്സ് ഐപാഡ് പുറത്തിറക്കുമ്പോൾ അത് ഏകദേശം ഒന്നര പതിറ്റാണ്ടോളം നീണ്ടു നിന്ന മത്സരമില്ലാത്ത ഒരു വിപണി തുറക്കുകയായിരുന്നു. ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന കമ്പനികൾക്കൊന്നും മേന്മയുടെ കാര്യത്തിലോ വിലയുടെ കാര്യത്തിലോ ഐപാഡുമായി മത്സരിക്കാൻ ആയില്ല. എന്നാൽ, ഇപ്പോഴിതാ ഐപാഡിന്, വിപണിയിൽ കടുത്ത മത്സരം നൽകിക്കൊണ്ട് വൺപ്ലസ്സ് എത്തുകയാണ്.

പല മുൻനിര കമ്പനികളേക്കാൾ ഏറെ വിലക്കുറവിൽ, വൈവിധ്യമാർന്ന ഫീച്ചറുകളോടെ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ച് പേരെടുത്ത ശേഷമാണ് ഇപ്പോൾ വൺപ്ലസ്സ് ടാബ്ലറ്റുകളുടെ വിപണിയിലെക്ക് കടന്നു വരുന്നത്. ഒരു കീബോർഡ് കവർ ഉൾപ്പടെ 479 ഡോളറിനാണ് വൺപ്ലസ്സ് പാഡ് വിപണിയിൽ ലഭ്യമാവുക. മാത്രമല്ല, നിലവിലുള്ള ഒട്ടുമിക്ക ആപ്പുകളും ഇതിൽ പ്രവർത്തിക്കുകയും ചെയ്യും.

വലിയ സ്‌ക്രീനും നീണ്ട ബാറ്ററി ലൈഫുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ. സ്റ്റാൻഡ് ബൈ മോദിൽ ബാറ്ററി ഒരു മാസം വരെ പ്രവർത്തനക്ഷമമാകും എന്നാണ് അവർ അവകാശപ്പെടുന്നത്. സ്റ്റാൻഡ്ബൈ മോദിൽ ഐപാഡിലെ ബാറ്ററി ഏതാനും ദിവസങ്ങൾ മാത്രമെ പ്രവർത്തനക്ഷമമാകു എന്നത് ഓർക്കണം. എന്നാൽ, ഇതിൽ ഫിംഗർപ്രിന്റ് സ്‌കാനർ ഇല്ല. ഫേസ് സ്‌കാനർ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അതുപോലെ എൽ സി ഡി സ്‌ക്രീൻ ആണ് ഇതിലുള്ളത്, ഒ എൽ ഇ ഡി അല്ല. എന്നാൽ, അതൊന്നും അത്ര പ്രാധാന്യമുള്ള കാര്യങ്ങൾ അല്ല. ഗൂഗിളിന്റെ ടാബ്ലറ്റ് വിപണിയിൽ ഇറങ്ങുന്ന സമയത്താണ് ഇതും വരുന്നത് എന്നത് വിപണിയിലെ മത്സരം കൊഴുപ്പിക്കും എന്ന് ഉറപ്പാക്കിയിരിക്കുന്നു.