ബെംഗളൂരു: നേരത്തെ ഇന്ത്യയിൽ നിന്ന് പോയ ഒരാൾ ഇപ്പോഴും ചന്ദ്രനെ ചുറ്റിക്കളിക്കുന്നുണ്ട്. ചന്ദ്രയാൻ-3 നിലം തൊടാനായി ഒരുക്കങ്ങൾ തുടരുന്നതിനിടെ, ആളുടെ സന്ദേശമെത്തി: 'സ്വാഗതം കൂട്ടുകാരാ'. മറ്റാരുമല്ല, മുൻപേ പോയ ചന്ദ്രയാൻ-2 വിന്റെ ഭാഗമായിരുന്ന പ്രധാൻ എന്ന ഓർബിറ്റർ. ചന്ദ്രന് ചുറ്റും 100 കിലോമീറ്റർX 100 കിലോമീറ്റർ ഭ്രമണപഥത്തിൽ വലംവയ്ക്കുകയാണ് പ്രധാൻ. ലാൻഡർ വിക്രമിന് പ്രധാൻ ഓർബിറ്ററിന്റെ സന്ദേശം കിട്ടിയതായി ഐ എസ് ആർ ഒ അറിയിച്ചു. ഇനി വിക്രത്തിനും പ്രധാനും പരസ്പരം മിണ്ടിയും പറഞ്ഞും ഇരിക്കാം.

ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരമാണ് ലാൻഡറിന്റെ താഴോട്ടിറക്കം. വൈകിട്ട് 5.20 മുതൽ ലാൻഡിങ്ങിന്റെ തൽസമയ സംപ്രേഷണമുണ്ടാകും. ഇസ്രോയുടെ വെബ്‌സൈറ്റിലും, യൂടൂബ് ചാനലിലും, ഫേസ്‌ബുക്കിലും, ദൂരദർശനിലും തൽസമയ സംപ്രേഷണമുണ്ടാകും. താഴോട്ടിറക്കത്തിന് മുന്നോടിയായി ചന്ദ്രനിലെ ഗർത്തങ്ങളുടെയും, ഇതുവരെ ആരും തേടിയെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെയും ചിത്രങ്ങൾ എടുത്ത് വിക്രം അയച്ചു.

ആകാംക്ഷാഭരിതരായി ശാസ്ത്രജ്ഞർ

ചന്ദ്രയാൻ-3 വൻവിജയമായിരിക്കുമെന്ന് ചന്ദ്രയാൻ-2 വിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഇസ്രോ മേധാവി കെ ശിവൻ പറഞ്ഞു.' ഇത് വളരെ ആകാംക്ഷ നിറഞ്ഞ നിമിഷമാണ്. ഇത്തവണ ഇതൊരു വൻവിജയമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ശിവൻ എഎൻഐയോട് പറഞ്ഞു.

ചന്ദ്രയാൻ-2 ദൗത്യം വിജയിക്കുമെന്ന കാര്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ എയ്‌റോസ്‌പേസ് ശാസ്ത്രജ്ഞനായ പ്രൊഫ.രാധാകാന്ത് പാധിക്ക് സംശയമില്ല. ചന്ദ്രയാൻ-3 ന്റെ ലാൻഡറിന് സ്വയരക്ഷയ്ക്കുള്ള സംവിധാനമുണ്ട്. എല്ലാം പാളിയാലും സുരക്ഷിതമായി താഴത്തിറങ്ങാവുന്ന സംവിധാനം ലാൻഡറിലുണ്ട്. ചന്ദ്രയാൻ-2 ന്റെ പരാജയത്തിന് ശേഷം സുരക്ഷിതമായ ഇറക്കത്തിന് വളരെയധികം മാറ്റങ്ങൾ വരുത്തി.

വിക്രം ലാൻഡറിന് വേഗം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് ചന്ദ്രയാൻ-2 പരാജയപ്പെട്ടത്. അൽഗോരിതം തകരാറായിരുന്നു അത്. അതിപ്പോൾ തിരുത്തിയെന്ന് മാത്രമല്ല, വിക്രം ലാൻഡറിന്റെ കാലുകൾക്ക് കരുത്തും കൂട്ടി. ചന്ദ്രയാൻ-2 വിലും ചന്ദ്രയാൻ-3 യിലും ഭാഗഭാക്കായ ശാസ്ത്രജ്ഞനാണ് പ്രൊഫ.രാധാകാന്ത് പാധി.

ചന്ദ്രയാൻ-2 വിന്റെ കാര്യത്തിൽ ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്തൊക്കെ പിഴവ് സംഭവിച്ചാലും താഴെയിറങ്ങുന്ന തരത്തിലാണ് ചന്ദ്രയാൻ-3 യുടെ രൂപകൽപനാ തത്വം. വിക്രം ലാൻഡറിന് രണ്ടു ഓൺബോർഡ് കമ്പ്യൂട്ടറുകളുണ്ട്, ചന്ദ്രയാൻ-2 വിൽ ഒന്നേയുണ്ടായിരുന്നുള്ളു. 99.9 ശതമാനവും വിക്രം ലാൻഡർ പ്രതീക്ഷിക്കുന്നത് പോലെ പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പ്രൊഫ.രാധാകാന്ത് പാധി പറഞ്ഞു.