നുഷ്യ മനസ്സുകളെ ആകർഷിക്കാനായി ബയോഡാറ്റകൾ തയ്യാറാക്കുന്ന കാലമൊക്കെ മാറിക്കഴിഞ്ഞു. മാനവ വിഭവശേഷി (എച്ച് ആർ) വിഭാഗത്തിൽ നിർമ്മിത ബുദ്ധി (എ ഐ) ഉപയോഗിക്കാൻ തുടങ്ങിയതോടെ മനുഷ്യർ കാണുന്നതിനു മുൻപ് തന്നെ സിസ്റ്റം ബയോഡാറ്റകൾ പരിശോധിക്കുന്ന സ്ഥിതിവിശേഷം വന്നുചേർന്നിരിക്കുകയാണ്. ഇവ തെരഞ്ഞെടുക്കുന്ന അപേക്ഷകൾ മാത്രമായിരിക്കും എച്ച് ആർ വിഭാഗത്തിലെ ജീവനക്കാർക്ക് കാണാൻ കഴിയുക.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതി ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റംസ് (എ ടി എസ്) ഫോർച്ച്യുൺ 500 കമ്പനികളും നിരവധി ചെറിയ വ്യവസായങ്ങളും ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 2019-ൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായത് നാലിൽ മൂന്ന് അപെക്ഷകളും മനുഷ്യർ കാണുന്നില്ല എന്നാണ്. ഫോർച്ച്യുൺ 500 കമ്പനികളിൽ 90 ശതമാനവും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മറ്റ് ബിസിനസ്സ് മേഖലകളിൽ ഏതാണ്ട് 83 ശതമാനവും.

എ ഐ ബോട്ടുകളുടെ പരിശോധനയിൽ, പരാജയപ്പെടാതിരിക്കാൻ നിങ്ങൾ ബയോഡാറ്റ തയ്യാറാക്കുമ്പോൾ സാധാരണയായി ചെയ്യാറുള്ള ചില തെറ്റുകൾ ഒഴിവാക്കേണ്ടതുണ്ട്. അതിൽ ആദ്യത്തേത് ഇമേജ് ഫയലുകൾ ഒഴിവാക്കുക എന്നതാണ്. നിങ്ങളുടെ പ്രത്യെക നൈപുണികൾ, അനുഭവ സമ്പത്ത് തുടങ്ങിയവയൊക്കെ ഇമേജ് രൂപത്തിലാക്കിയാൽ എ ഐ ബോട്ടുകൾക്ക് അത് അറിയുവാൻ കഴിയില്ല. ടെക്സ്റ്റുകൾ വായിക്കുക മാത്രമെ ബോട്ടുകൾ ചെയ്യുകയുള്ളു. അതുകൊണ്ടു തന്നെ, ബയോഡാറ്റയിലെ സുപ്രധാന വിവരങ്ങൾ എല്ലാം തന്നെ ടെക്സ്റ്റ് രൂപത്തിലാക്കുക.

മനുഷ്യർക്ക് പകരം യന്ത്രങ്ങൾ പ്രവർത്തി ചെയ്യാൻ ആരംഭിക്കുമ്പോൾ അവിടെ കീ വേർഡുകളുടെ പ്രസക്തി വർദ്ധിക്കുകയാണ്.സേർച്ച് എഞ്ചിനുകളിൽ, വെബ്സൈറ്റിന്റെ ദൃശ്യ സാധ്യത വർദ്ധിപ്പിക്കുവാൻ കീ വേർഡുകൾ ഉപയോഗിക്കുന്നത് പോലെ, അപേക്ഷിക്കുന്ന തസ്തികയുമായും, നിങ്ങളുടേ യോഗ്യതയുമായും ബന്ധപ്പെട്ട കീ വേർഡുകൾ ബയോഡാറ്റയിൽ ഉൾക്കൊള്ളിക്കുക. ഇല്ലെങ്കിൽ റാങ്കിംഗിൽ താഴെ പോകാനും അതുവഴി അപേക്ഷ നിരാകരിക്കപ്പെടാനും സാധ്യതയുണ്ട്.

അതേസമയം, നിർമ്മിത ബുദ്ധിയെ ആകർഷിക്കാൻ അനാവശ്യമായി, അമിത അളവിൽ കീ വേർഡുകൾ കുത്തി നിറച്ചാൽ പണി പാളും. അതുകൊണ്ടു തന്നെ മുൻ പ്രവർത്തി പരിചയം പരാമർശിക്കുമ്പോൾ അവ ഒരോന്നിനും നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട രണ്ടോ മൂന്നോ കീ വേർഡുകൾ മാത്രം, അർത്ഥം തോന്നിപ്പിക്കുന്ന രീതിയിൽ ചേർക്കുക.

അതുപോലെ, കഴിയുന്നത്ര ലളിതമായ രീതിയിൽ രൂപ കല്പന ചെയ്യുക. നിങ്ങളുടേ ബയോഡാറ്റയിൽ നിർവധി കോളങ്ങളും ഗ്രാഫിക്കുകളും ഒക്കെയുണ്ടെങ്കിൽ അത് എ ഐ ബോട്ടുകളെ ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം. ബുള്ളറ്റ് പോയിന്റുകളും, ഹെഡറുകളും ആവശ്യാനുസരണം മാത്രം ഉപയോഗിക്കുക. അതുപോലെ ബയോഡാറ്റക്ക് ആകർഷണീയത വർദ്ധിപ്പിക്കാൻ ഡെക്കറേറ്റീവ് ഫോണ്ടുകൾ ഉപയോഗിക്കുന്നതും എ ഐ ബോട്ടുകളെ തെറ്റിദ്ധരിപ്പിച്ചേക്കാം.

ടൈംസ് ന്യു റോമൻ, ഏരിയൽ, കാലിബ്രി, ഹെൽവെറ്റിക, ജോർജിയ തുടങ്ങിയ ഫോണ്ടുകൾ ഉപയോഗിക്കുന്നതാവും നല്ലത്. അതുപോലെ, ഒരുപാട് വാചക കസർത്തുകൾ ഒഴിവാക്കി, വിഷയത്തിലേക്ക് നേരിട്ട് പോകുന്നതായിരിക്കും നല്ലത്. അതുപോലെ നിങ്ങൾ അപേക്ഷിക്കുന്ന തസ്തികയുടെ ടൈറ്റിൽ കൃത്യമായും വ്യക്തമായും പരാമർശിക്കണം.