ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ മൂന്ന് വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. ജൂലൈ 13ന് ഉച്ചയ്ക്ക് 2.30നാകും വിക്ഷേപണം. ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക് -3 (എൽവി എം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാകും വിക്ഷേപണം. 615 കോടി രൂപയാണ് മിഷന്റെ ബജറ്റ്.

ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തിട്ടില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ആണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ തന്നെ മൂന്നാം ദൗത്യത്തിൽ ഓർബിറ്ററിൽ കാര്യമായ പരീക്ഷണ ഉപകരണങ്ങൾ ഇല്ല. ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ലക്ഷ്യം.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐഎസ്ആർഒ (ഇസ്രൊ) വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ തവണത്തെ പരാജയത്തിൽ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം. ലാൻഡറിന്റെ ഘടന മുതൽ ഇറങ്ങൽ രീതി വരെ വീണ്ടും വീണ്ടും പരിശോധിച്ച് പരിഷ്‌കരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഈ രണ്ടാം ശ്രമം. വിജയം മാത്രമേ ഇസ്രൊ ചന്ദ്രയാൻ മൂന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.

ചന്ദ്രയാൻ രണ്ടിന്റേതിന് സമാനമായ യാത്രാ പഥമാണ് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിയിൽ നിന്ന് പുറപ്പെട്ട് 40 ദിവസങ്ങൾക്ക് ശേഷമായിരിക്കും ലാൻഡിങ് ശ്രമം. ചന്ദ്രനിൽ ഒതുങ്ങുന്നതല്ല ഈ വർഷത്തെ ഇസ്രൊയുടെ സ്വപ്നങ്ങൾ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യം ആഗസ്റ്റിൽ വിക്ഷേപിക്കും. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണവും ഈ വർഷം തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഇതിനു മുൻപ് 2019 ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു. വിക്രം ലാൻഡർ ലാൻഡിങ്ങിനു തൊട്ടു മുൻപായി പൊട്ടിച്ചിതറിയത് മൂലം ദൗത്യം ഭാഗികമായി വിജയമായി. ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം ബാക്കിയായി. എന്നാൽ തിരിച്ചടിയിൽ തളരാതെ വർധിത വീര്യത്തോടെ ആ ലക്ഷ്യം മുൻനിർത്തി തന്നെയാണ് ഇസ്‌റോ ഇത്തവണ രംഗത്തിറങ്ങുന്നത്.

ചന്ദ്രയാൻ 2ൽ നിന്നു വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹം ഇല്ല. ലാൻഡറും റോവറും ഉൾപ്പെടുന്നതാണ് പുതിയ ദൗത്യം. ആകെ 3900 കിലോഗ്രാമാണു ഭാരം. ലാൻഡർ ഇറക്കുകയെന്നതു തന്നെയാണ് തങ്ങൾ ഉന്നമിടുന്നതെന്ന് ഇതിലൂടെ ഇസ്‌റോ വ്യക്തമാക്കുന്നു. ചന്ദ്രയാൻ 2ന്റെ ഓർബിറ്ററാകും ഉപയോഗിക്കുക.

ഘടനാപരമായ പരിഷ്‌കാരങ്ങളോടെ കൂടുതൽ കരുത്തുറ്റ രീതിയിലാണു പുതിയ ദൗത്യത്തിലെ ലാൻഡർ വികസിപ്പിച്ചിരിക്കുന്നത്. വിക്രത്തിനേക്കാൾ കരുത്തുറ്റ കാലുകൾ ഈ ലാൻഡറിനുമുണ്ട്. വളരെ വെല്ലുവിളിയുയർത്തുന്ന ഈ ലാൻഡിങ് ദൗത്യം ചന്ദ്രയാൻ 3 സഫലീകരിക്കുമെന്നാണ് ഇസ്‌റോ പ്രതീക്ഷിക്കുന്നത്.