ന്യൂയോർക്ക്: ഇനി നെറ്റ്ഫ്‌ളിക്‌സിൽ ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ച് സബ്‌ടൈറ്റിലുകൾ ക്രമീകരിക്കാനാകും. ഉപയോക്താക്കൾക്ക് സബ്‌ടൈറ്റിൽ ടെക്സ്റ്റിലെ ശൈലിയും വലുപ്പവും പരിഷ്‌ക്കരിക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ചെറുത്, ഇടത്തരം, വലുത് എന്ന രീതിയിൽ ഫോണ്ട് വലുപ്പം തീരുമാനിക്കാനും കഴിയും.

കൂടാതെ സബ് ടൈറ്റിൽ ബാക്ഗ്രൗണ്ടും മാറ്റാനുള്ള സൗകര്യവും ഉണ്ടാവും. സബ്ടൈറ്റിലുകൾക്കായി നെറ്റ്ഫ്‌ളിക്‌സ് മൂന്ന് പുതിയ ബാക്ഗ്രൗണ്ട് രീതികൾ അവതരിപ്പിച്ചിട്ടുണ്ട്. ലൈറ്റ് -വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങൾ, കോൺട്രാസ്റ്റ് -കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങൾ, ഡ്രോപ്പ് ഷാഡോ -കറുത്ത പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. വിവിധ ഭാഷകളിലുള്ള നെറ്റ്ഫ്‌ളിക്‌സ് കണ്ടന്റുകൾ കാണുമ്പോൾ സബ് ടൈറ്റിൽ അത്യവശ്യമാണ്.

നേരത്തെ വെബ് ഉപയോക്താക്കൾക്ക് ഫീച്ചറുകൾ ലഭ്യമായിരുന്നു. ഇപ്പോൾ ഈ സൗകര്യം ടിവി ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവർക്കും നെറ്റ്ഫ്‌ളിക്‌സ് ലോകമെമ്പാടും ലഭ്യമാക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകൾ പ്രകാരം ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവിന് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. 2018 ഉള്ളതിനേക്കാൾ ടിവിയിൽ നെറ്റ്ഫ്‌ളിക്‌സ് കാണുന്നവരുടെ എണ്ണം 70 ശതമാനം വർദ്ധിച്ചതായി കമ്പനി പറയുന്നു.