നുഷ്യനെ നേർ വഴിക്ക് നയിക്കാനായി രൂപം കൊണ്ട മതങ്ങളുടെ പേരിൽ മനുഷ്യൻ തമ്മിൽ തല്ലി മരിക്കുന്ന സമയത്ത് പുതിയൊരു മതം കൂടി പിറവി കൊണ്ടാലോ? വിശുദ്ധ ബാലംഗളത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുപറ്റം മലയാളികൾ സൃഷ്ടിച്ച ഡിങ്ക മതം പോലെ ഒരു തമാശയല്ല ഇത്. ഈ മതം ആധുനിക സാങ്കേതിക വിദ്യയുടെ ഒരു ഉല്പന്നമായിരിക്കും.

മനുഷ്യ സാധ്യമായതെന്തും ചെയ്യാൻ കെല്പുള്ള ചാറ്റ് ജി പിടിക്ക് സ്വന്തമായി ഒരു വിശുദ്ധ ഗ്രന്ഥം തയ്യാറാക്കി ഒരു മതം സൃഷ്ടിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. ആധുനിക സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തുന്ന എലൺ മസ്‌കിനെ പോലുള്ളവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വികസന പ്രവർത്തനങ്ങൾക്ക് പരിമിതി വയ്ക്കണം എന്ന് ആവശ്യപ്പെടുന്നതിനു പുറകിലും ഇത്തരത്തിലുള്ള അപകട സാധ്യതകൾ തന്നെയാണ് കാരണം.

2014- ൽ തന്നെ ഈ സഹസ്ര കോടീശ്വരൻ നിർമ്മിത ബുദ്ധിയെ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചിരുന്നു. മാനവതക്ക് മേൽ പതിച്ച ഏറ്റവും വലിയ അസ്തിത്വ ഭീഷണിയാണിതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. മനുഷ്യൻ തന്നെ അവന്റെ അന്തകനായ അസുരനെ സൃഷ്ടിക്കുകയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് താൻ നിർമ്മിതി ബുദ്ധി രംഗത്ത് പണം നിക്ഷേപിച്ചത് ലാഭം കൊയ്യാനല്ലെന്നും മറിച്ച് ഈ സാങ്കേതിക വിദ്യയുടെ വികാസം സാസൂക്ഷ്മം നിരീക്ഷിക്കാനാണെന്നും, അത് കൈവിട്ടു വളരാതിരിക്കാനും ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെറ്റായ കൈകളിൽ ഈ സാങ്കേതിക വിദ്യ എത്തിപ്പെട്ടാൽ, അത് ഒരുപക്ഷെ ലോകത്തിൽ മനുഷ്യകുലത്തിന്റെ അന്ത്യത്തിനു തന്നെ കാരണമായേക്കാം എന്നാണ് മസ്‌ക് പറയുന്നത്. ഇതേ ആശങ്ക 2014 ൽ ബി ബി സിയുടെ ഒരു പരിപാടിയിൽ പങ്കെടുത്ത് സ്റ്റീഫൻ ഹോക്കിൻസും പങ്കുവച്ചിരുന്നു. നിർമ്മിത ബുദ്ധിയുടെ പൂർണ്ണമായ വളർച്ച ഭൂമിയിൽ മനുഷ്യകുലത്തിന്റെ അന്ത്യം കുറിക്കും എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

2016- ലെ ഒരു അഭിമുഖത്തിനിടെ താൻ ഓപ്പൺ എ ഐയിൽ നിക്ഷേപം നടത്തിയത് നിർമ്മിതി ബുദ്ധി സാങ്കേതിക വിദ്യ കൂടുതൽ ജനാധിപത്യവത്ക്കരിക്കാനായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ക്മ്പനി സി ഇ ഒ സാം ആൾട്ട്മാനൊപ്പം കമ്പനി തുടങ്ങിയെങ്കിലും 2018 ൽ കമ്പനി ഏറ്റെടുക്കാനുള്ള മസ്‌കിന്റെ ശ്രമങ്ങൾ പൊളിഞ്ഞതോടെ മസ്‌ക് കമ്പനി വിട്ടു പോവുകയായിരുന്നു.

പിന്നീട് കഴിഞ്ഞ നവംബറിൽ ഓപ്പൺ എ ഐ ചാറ്റ് ജി പി ടി പുറത്തിറക്കിയപ്പോൾ ആഗോളതലത്തിൽ തന്നെ അതൊരു തരംഗമായി മാറുകയായിരുന്നു. വലിയ അളവിലുള്ള ടെക്സ്റ്റ് ഡാറ്റയിലൂടെ ബിഗ് ലാംഗ്വേജ് മോഡൽ സോഫ്റ്റ്‌വേയർ ഉപയോഗിച്ച് സ്വയം പരിശീലനം നടത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ഗവേഷണ പ്രബന്ധങ്ങൾ എഴുതുന്നത് മുതൽ, മനുഷ്യൻ ചെയ്യുന്ന പല പ്രവർത്തികളും ഇതിന് ചെയ്യാനാകും.

ജി പിടിയുടെ പ്രശസ്തി വാനോളമുയരുമ്പോൾ മസ്‌ക് പറയുന്നത്, അത് സ്ഥാപിക്കപ്പെട്ടപ്പോഴുള്ള ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്നും കമ്പനി ഏറെ മാറി എന്നാണ്. ഒരു ഓപ്പൺ സോഴ്സ് ആയിട്ടായിരുന്നു ഇത് ആരംഭിച്ചത്. ലാഭം ഇച്ഛിക്കാതെ പ്രവർത്തിക്കുന്ന ഒരു കമ്പനി ആയിട്ട്. എന്നാൽ, മൈക്രോസോഫ്റ്റ് ഇത് ഏറ്റെടുത്തതോടെ ലാഭം മാത്രമായി ലക്ഷ്യം എന്നും കഴിഞ്ഞ ദിവസം മസ്‌ക് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

നിർമ്മിത ബുദ്ധിയുടെ തലതൊട്ടപ്പൻ കളം ഒഴിയുന്നു

നിർമ്മിത ബുദ്ധിയെ കുറിച്ചുള്ള ആശങ്കകൾ വ്യാപകമാകുകയാണ്. എലൺ മസ്‌കിന് പുറമെ ഇടത് ചിന്തകനും ബുദ്ധിജീവിയുമായ നോം ചോംസ്‌കി, 99 കാരനായ ഹെന്റി കിസിംജർ എന്നിവരും ഇതിനെതിരായി രംഗത്ത് എത്തിയിട്ടുണ്ട്. അതിനിടയിലാണ് ഈ രംഗത്ത് ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ച, നിർമ്മിത ബുദ്ധിയുടെ തലതൊട്ടപ്പൻഎന്നറിയപ്പെടുന്ന ജെഫ്രി ഹിൻടൻ ഗൂഗിളിലെ തന്റെ സ്ഥാനം ഒഴിയുന്നത്.

ചുമതലകളിൽ നിന്നും വിട്ടു നിൽക്കുമ്പോഴാണ് ഈ സാങ്കേതിക വിദ്യയുടെ അപകടങ്ങളെ കുറിച്ച് കൂടുതൽ പറയാൻ ആവുക എന്നതിനാലാണ് അദ്ദേഹം പദവികൾ വിട്ടൊഴിയുന്നത്. പതിറ്റാണ്ടുകൾ നീണ്ട തന്റെ തൊഴിൽ ജീവിതത്തിനിടയിൽ ഡീപ് ലേണിംഗിലും ന്യുട്രൽ എന്റ്വർക്കുകളിലും അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് നിർമ്മിത ബുദ്ധിക്ക് അടിത്തറയിട്ടത്.