ലണ്ടൻ: നിർമ്മിത ബുദ്ധിയിലെ അമിതമായ വികസനം മനുഷ്യകുലത്തിന് ആപത്തായി വരുമെന്ന് എലൺ മസ്‌ക് ഉൾപ്പടെയുള്ള പല പ്രമുഖരും മുന്നറിയിപ്പ് നൽകിയിട്ട് ഏറെയായിട്ടില്ല. സാങ്കേതിക വിദ്യ, വ്വന്തം താത്പര്യം സംരക്ഷിക്കുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തയ്യാറുള്ളവരുടെ കൈയിൽ കിട്ടിയാൽ അത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല എന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു. അവരുടെ ആശങ്കകൾ അസ്ഥാനത്തല്ലെന്ന് സ്ഥാപിച്ചു കൊണ്ട് ഇതാ ഒരു സംഭവം.

ബോൾട്ടൺ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി, തന്റെ അസൈന്മെന്റ് തയ്യാറാക്കാൻ ചാറ്റ് ജി പി ടി യുടെ സഹായം എടുത്തതാണ് സംഭവം. നിർമ്മിതി ബുദ്ധിയുടെ സഹായത്താൽ ആളാവാൻ ശ്രമിച്ചവരുടെ പക്ഷെ മനുഷ്യരുടെ സാധാരണ ബുദ്ധി തോൽപിച്ചു. ആധുനിക ലോകത്തെ നേതൃത്വ സിദ്ധാന്തങ്ങലേയും അവയുടെ പ്രയോഗത്തേയും കുറിച്ചുള്ള ഒരു പ്രബന്ധം തയ്യാറാക്കുക എന്നതായിരുന്നു അസൈന്മെന്റ്. ചാറ്റ് ജി പിടിയുടെ സഹായത്തോടെ വിദ്യാർത്ഥി അത് തകർത്തെഴുതി.

എന്നാൽ, പേപ്പർ പരിശോധിച്ചവരുടെ സാമാന്യ ബുദ്ധിക്ക് മുകളിൽ പോകാൻ നിർമ്മിതി ബുദ്ധിക്കായില്ല. ഇതേ വിദ്യാർത്ഥി ഈ വിഷയവുമായി ബന്ധപ്പെട്ട തീയറി പേപ്പറിൽ എഴുതിയ, എഴുത്തിന്റെ ശൈലിയും പ്രബന്ധത്തിന്റെ എഴുത്ത് ശൈലിയും തമ്മിൽ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. മാത്രമല്ല, ഇതിൽ നൽകിയിരുന്ന ചില ലിങ്കുകൾ ഇതുമായി തീരെ ബന്ധമില്ലാത്തവയുമായിരുന്നു. ഇതിനു പുറമെ, വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്ന നിരവധി റെഫറൻസ് ഗ്രന്ഥങ്ങളുടെയും പേപ്പറുകളുടെയും ശേഖരത്തിൽ നിന്നും കേവലം രണ്ട് ജേർണലുകൾ മാത്രമാണ് ഈ വിദ്യാർത്ഥി റെഫർ ചെയ്തത്.

അതിൽ ഒന്ന് ഏതാണ്ട് 71 വർഷം മുൻപ് ഒരു ഗവേഷക വിദ്യാർത്ഥി എഴുതിയ ഒരു പ്രബന്ധമായിരുന്നു. 1957 ലെ മറ്റൊരു പ്രബന്ധവും റെഫറൻസ് ആയി പരാമർശിച്ചിരുന്നു. എന്നാൽ, 1950 കളിലെ പേപ്പറുകളുടെ റഫറൻസുകൾക്കൊപ്പം കഴിഞ്ഞ വർഷം മെയ്‌ മാസത്തിൽ ഇറങ്ങിയ അദിത്യ സിംഹയുടെ ലീഡർഷിപ്പ് ഇൻസൈസ്റ്റ് ഫൊർ വിസാർഡ്സ് ആൻഡ് വിച്ചസ് എന്ന പുസ്തകവും റഫറൻസ് ഗ്രന്ഥമായി ചേർത്തിരുന്നു. 20 പൗണ്ടിന് ആമസോണിൽ നിന്നും ആർക്കും വാങ്ങാൻ കഴിയുന്ന ഈ പുസ്തകമാകട്ടെ പ്രബന്ധ വിഷയവുമായി യാത്രൊരു ബന്ധവും ഇല്ലാത്ത ഒന്നാണ് താനും.

ചാറ്റ് ജി പി ടിയിൽ, 2021 ന് ശേഷമുള്ള കാര്യങ്ങളെ കുറിച്ച് പരിമിതമായ വിവരങ്ങളേയുള്ളു. എന്നാൽ, അതിന്റെ കൂടുതൽ വികസിച്ച ജിപി ടി 4 ൽ കൂടുതൽ വിവരങ്ങൾ ഉണ്ട്. 16 പൗണ്ടിന് ലഭ്യമാകുന്ന ഇത് പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ ആദ്യം നൽകുക ഏറ്റവും പുതിയ വിവരങ്ങൾ ആയിരിക്കും. അങ്ങനെയാണ് ലീഡർഷിപ്പ് എന്ന കീ വാക്ക് കണ്ട് തെറ്റിദ്ധരിച്ച് സിംഹയുടെ ബുക്കും ജി പി ട് റെഫറൻസിൽ ചേർത്തത്. കൂടുതൽ അന്വേഷണം നടത്തിയ ബോൾട്ടൺ യൂണീവേഴ്സിറ്റിയിലെ അന്വേഷണ സംഘം കണ്ടെത്തിയത് ഇയാൾ ഒരു പ്രബന്ധം എഴുത്തുകാരനെ കൊണ്ട് എഴുതിച്ചാണ് ഈ പ്രബന്ധം തയ്യാറാക്കിയത് എന്നായിരുന്നു. പ്രബന്ധ എഴുത്തുകാരൻ അത് എഴുതിയത് ചാറ്റ് ജി പി ടിയുടെ സഹായത്തോടെയും.