സുരക്ഷാ കരുതലുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ജീമെയിൽ അക്കൗണ്ടുകൾ അപ്രത്യക്ഷമാകുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. ഉപയോഗിക്കാതെ ഇരിക്കുന്ന ആയിരക്കണക്കിന് ജീ മെയിൽ അക്കൗണ്ടുകൾ വരുന്ന ഡിസംബർ മാസത്തോടെ നീക്കം ചെയ്യുമെന്നാണ് ഗൂഗിൾ പറയുന്നത്. ഹാക്കിംഗും അതുപോലുള്ള മറ്റ് തട്ടിപ്പുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

കഴിഞ്ഞ രണ്ടു വർഷക്കാലമായിട്ട് കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടാത്ത അക്കൗണ്ടുകളും, ലളിതമായ പാസ്സ്വേർഡ് ഉപയോഗിക്കുന്ന അക്കൗണ്ടുകളുമാണ് ഈ ഭിഷണി പ്രധാനമായും നേരിടുന്നത്. അതോടൊപ്പം ഗൂഗിളിന്റെ 2 ഫാക്ടർ ഓഥന്റിക്കേഷൻ ക്രമീകരിക്കാത്ത അക്കൗണ്ടുകളും ഭീഷണിയുടെ നിഴലിൽ വരും. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഏറ്റവും ആവശ്യം സുരക്ഷയാണ് അത് ഉറപ്പാക്കാനായിട്ടാണ് തങ്ങൾ സാങ്കേതിക വിദ്യയിൽ ഇത്രയധികം പണം നിക്ഷേപിക്കുന്നതെന്നും ഗൂഗിൾ വക്താവ് പറഞ്ഞു.

അതുപോലെ, ദീർഘകാലമായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകളും 2023 ഡിസംബർ മാസത്തോടെ നീക്കം ചെയ്യപ്പെടും. അവ ഗൂഗിൾ നിർദ്ദേശിക്കുന്ന സുരക്ഷാ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിൽ പോലും നീക്കം ചെയ്യപ്പെടും. ഈ പുതിയ നയം ഇന്നലെയാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. എന്നിരുന്നാലും ഡിസംബറിനു മുൻപായി ഇത് പ്രാബല്യത്തിൽ വരികയില്ല.

ഒരുപാട് വർഷങ്ങളായി ഉപയോഗമില്ലാതിരിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് ട്വിറ്റർ കഴിഞ്ഞയാഴ്‌ച്ച പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ പ്രഖ്യാപനവും വരുന്നത്. ട്വിറ്റർ ഇത്തരത്തിലുള്ള അക്കൗണ്ടുകൾ ആർക്കൈവ് ചെയ്യുമെന്നാണ് എലൺ മസ്‌ക് പറഞ്ഞത്. ഉപയോഗ ശൂന്യമായ ഹാൻഡിലുകൾ ഫ്രീ അപ് ചെയ്യാനാണ് ട്വിറ്റർ ഉദ്ദേശിക്കുന്നതെങ്കിൽ ഗൂഗിൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപയോക്താക്കളെ സ്പാമിൽ നിന്നും അക്കൗണ്ട് ഹൈജാക്കിംഗിൽ നിന്നും രക്ഷിക്കുവാനാണ്.

ചുരുങ്ങിയത് രണ്ട് വർഷക്കാലമെങ്കിലും ഉപയോഗിക്കാത്ത അക്കൗണ്ടുകളായിരിക്കും നീക്കം ചെയ്യപ്പെടുക. അത് സംഭവിക്കാതിരിക്കാൻ ഓരോ രണ്ടു വർഷം കൂടുമ്പോഴും ഒരിക്കലെങ്കിലും മെയിൽ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്ത് ഒരു മെയിൽ അയയ്ക്കുകയോ വായിക്കുകയോ ചെയ്യുക. ഒരു യൂട്യുബ് വീഡിയോ കാണുക, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ ഉപയോഗിച്ച് സെർച്ച് ചെയ്യുക തുടങ്ങിയവ ചെയ്യണം. അതുപോലെ ഒരുപാട് പഴയ പാസ്സ്വേർഡ് ഉള്ളവർ അത് മാറ്റുന്നതും നല്ലതായിരിക്കും.