നാട്ടിലെ മനുഷ്യരുടെ അന്തകനാകാൻ വന്നവൻ പണി തുടങ്ങി. അനിയന്ത്രിതമായി വികസനം തുടർന്നാ, നാളെ മനുഷ്യകുലത്തിന്റെ സർവ്വനാശത്തിന് തന്നെ വഴി തെളിച്ചേക്കുമെന്ന് പ്രമുഖർ അടക്കം പലരും മുന്നറിയിപ്പ് നൽകിയ നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്റെ യഥാർത്ഥ മുഖം കാണിച്ചു തുടങ്ങി. സാങ്കേതികവിദ്യ നിർമ്മിത ബുദ്ധിയിലേക്ക് മാറുന്നതോടെ അടുത്ത പത്ത് വർഷത്തിനുള്ളിൽ 40,000 നും 50,000 നും ഇടയിൽ, ജീവനക്കാരെ പിരിച്ചു വിടുമെന്ന് ബ്രിട്ടീഷ് ടെലികോം ഭീമൻ ബി ടി അറിയിച്ചു.

നിലവിൽ കമ്പനിയിൽ 1,30,000 ജീവനക്കാരാണ് ഉള്ളത്. 2020 കളുടെ അവസാനത്തോടെ ഇത് 75,000 നും 95,000 നും ഇടയിലായി കുറയ്ക്കാനാണ് ഇപ്പോൾ കമ്പനി ഉദ്ദേശിക്കുന്നത്. അതായത് വരുന്ന അഞ്ചു മുതൽ ഏഴ് വർഷത്തിനിടയിൽ 55,000 പേരോളംബി ടിയുടെ പേയ് റോളിൽ നിന്നും പുറത്താകും. മൊത്തം ജീവനക്കാരുടെ 40 ശതമാനം വരും ഇത്. പ്രവർത്തനം ഏതാണ്ട് പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത്, കുറഞ്ഞ ജീവനക്കാരും, കുറഞ്ഞ ചിലവുമായി പ്രവർത്തനം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഇതിൽ ഏകദേശം 10,000 പേർക്ക് അധികം വൈകാതെ തന്നെ തൊഴിൽ നഷ്ടപ്പെടും. ഉപഭോക്തൃ സെവന വിഭാഗത്തിന്റെ കോൾ സെന്ററുകൾ നിർത്തലാക്കി ഓൺലൈൻ വഴിയും ആപ്പ് വഴിയും സേവനം നൽകാൻ തുടങ്ങുന്നതോടെയാണ് ഇത് സംഭവിക്കുക. അത് ഈ വർഷം അവസാനത്തോടെ ഉണ്ടാകും. കമ്പനിയുടെ സാങ്കേതിക പരിണാമത്തിൽ ഇപ്പോൾ സുപ്രധാനം നിർമ്മിത ബുദ്ധിയാണെന്ന് കമ്പനി ചീഫ് എക്സിക്യുട്ടീവ് ഫിലിപ്പ് ജേൻസെൻ പറയുന്നു.

ബി ടിയുടെ ഫുൾ-ഫൈബർ ബ്രോഡ്ബാൻഡ്, 5 ജി എന്നിവ പൂർണ്ണമായ തോതിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ഇത്രയധികം എഞ്ചിനീയർമാരുടെ ആവശ്യം വരില്ല. ഏകദേശം 15,000 ഓളം പേർക്ക് ഇവിടെ തൊഴിൽ നഷ്ടപ്പെടും എന്നാണ് കണക്കാക്കുന്നത്. സിസ്റ്റം പൂർണ്ണമായും പ്രവർത്തന സജ്ജമായാൽ, അത് പരിപാലിക്കുന്നതിന് പരിമിതമായ എഞ്ചിനിയർമാർ മതിയാകും എന്നതിനാലാണ് അധികം വരുന്നവരെ പിരിച്ചു വിടുന്നത്. 3 ജി, 4 ജി സേവനങ്ങൾ നിർത്തലാക്കുന്നതോടെ മറ്റ് 10,000 പേർക്ക് കൂടി തൊഴിൽ നഷ്ടമായേക്കും.

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് അസ്ഡ

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സൂപ്പർമാർക്കറ്റ് ശൃംഖല, അസ്ഡയുടെ ശ്രമത്തിനെതിരെ യൂണിയനുകൾ നിലപാട് കടുപ്പിക്കുകയാണ്. തെക്കൻ ഇംഗ്ലണ്ടിൽ 39 ഓളം സ്റ്റോറുകളിലെ ജീവനക്കാരുടേ വേതനമാണ് വെട്ടിക്കുറക്കുന്നത്. ലൊക്കേഷൻ സപ്ലിമെന്റ് ആയ മണിക്കൂറിൽ 60 പെൻസ് ഇനിമുതൽ ഉണ്ടാവുകയില്ല എന്നാണ് അസ്ഡ പറയുന്നത്. അതുപോലെ നൈറ്റ് സപ്ലിമെന്റ് വെട്ടിച്ചുരുക്കുകയും ചെയ്യും.

ഇതിന് വഴങ്ങാത്തവർക്കായി പുതിയ തൊഴിൽ കരാർ തയ്യാറാക്കുകയാണ് . വ്യവസ്ഥകൾ സമ്മതിച്ച് അതിൽ ഒപ്പ് വയ്ക്കാത്ത പക്ഷം ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്യും. ആളുകളെ ജോലിയിൽ നിന്നും പിരിച്ചു വിട്ട്, കുറഞ്ഞവേതനത്തിൽ വീണ്ടും ജോലിയിൽ എടുക്കാനുള്ള തന്ത്രമാണിതെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഏകദേശം 7000 ജീവനക്കാർക്കാണ് ഇത്തരത്തിൽ ശമ്പളത്തിൽ കുറവുണ്ടാവുക.

അതേസമയം എം 25 ന് പുറത്തുള്ള ചില സ്റ്റോറുകളിൽ, വേതനമായ, മണിക്കൂറിൽ 11 പൗണ്ടിന് പുറമെ 60 പെൻസ് ലീഗസി ലൊക്കേഷൻ സപ്ലിമെന്റ് ആയി നൽകുന്നുണ്ട്. അത് ജീവനക്കാർക്കിടയിൽ ഒരു വേർതിരിവ് ഉണ്ടാക്കുന്നുണ്ട് എന്നാണ് കമ്പനി വക്താവ് പറയുന്നത്. മാത്രമല്ല, വ്യാപകമായ റീടെയ്ൽ മേഖലയിൽ ഇന്ന് സപ്ലിമെന്റിന് പ്രസക്തിയില്ലെന്നും വക്താവ് പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതേയുള്ളു എന്നും അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നും അസ്ഡ വക്താവ് കൂട്ടിച്ചേർത്തു