ലോകമാകമാനം തന്നെ ഏറെ ജനപ്രീതിയുള്ള സ്മാർട്ട്ഫോണുകളാണ് ആപ്പിളിന്റെത്. എന്നാൽ നിങ്ങളുടെ കൈവശം ഐഫോൺ ഉണ്ടെങ്കിൽ അത് അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്. 16.5 എന്ന് പേരിട്ട ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആപ്പിൾ പുറത്തിറക്കി. ഐഫോൺ 8 നും അതിനു ശേഷമുള്ള മോഡലുകൾക്കായിട്ടാണ് ഈ പുതിയ അപ്ഡേറ്റ്.വിപുലമായ ഫീച്ചറുകൾക്കൊപ്പം സുപ്രധാനമായ ബഗ് ഫിക്സറുകളും ഉള്ളതിനാൽ ഇത് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം.

കഴിഞ്ഞയാഴ്‌ച്ചയാണ് അവർ ഇത് പുറത്ത് വിട്ടത്. സോഫ്റ്റ്‌വെയർ എപ്പോഴും അപ് ടു ഡേറ്റ് ആയിരിക്കണം എന്നത് ഐഫോൺ പരിപാലിക്കുന്നതിലെ സുപ്രധാനമായ ഒന്നാണെന്ന് ഇതോടൊപ്പം ഇറക്കിയ കുറിപ്പിൽ ആപ്പിൾ പറയുന്നു. ഈ അപ്ഡേറ്റിൽ എൻഹാൻസ്മെന്റ്സ്, ബഗ് ഫിക്സസ്, എന്നിവ കൂടാതെ നിങ്ങളുടെ ഐഫോണിനുള്ള സെക്യുരിറ്റി അപ്ഡേറ്റ്സും ഉണ്ടെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

ആപ്പിളിന്റെ വൈഡ് സേർച്ച് ഫീച്ചർ ആയ സ്പോട്ട്ലൈറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഈ അപ് ഡേറ്റിൽ പരിഹാരമുണ്ട്. ചിലരുടെ ഫോണുകളിൽ സ്പോട്ട്ലൈറ്റ് പ്രതികരിക്കുന്നില്ല എന്ന പരാതി ഉയർന്നിരുൻഞ്ഞു. അതുപോലെ കാർപ്ലേയിൽ പോഡ്കാസ്റ്റ് കൺടന്റ് ലോഡ് ആകാത്ത പ്രശ്നത്തെയും ഇത് പരിഹരിക്കും. അതുപോലെ സ്‌ക്രീൻ ടൈം സെറ്റിങ്സ് എല്ലാ ഉപകരണങ്ങളുമായി ഏകോപിപ്പിക്കാൻ കഴിയാത്ത പ്രശ്നവും ഇത് പരിഹരിക്കും.,

ബഗ് ഫിക്സസിനു പുറമെ 16.5 അപ്ഡേറ്റിൽ നിരവധി പുതിയ ഫീച്ചറുകളും അടങ്ങിയിരിക്കുന്നു. എൽ ജി ബി ടി ക്യൂ കമ്മ്യുണിറ്റിയെ ആദരിക്കാനായി ആപ്പിൾ പുതിയ ധാരാളം വാൾ പേപ്പറുകൾ ഇറക്കിയിട്ടുണ്ട്. ഇതെല്ലാം ഡൗൺലോഡ് ചെയ്യാനായി നിങ്ങളുടെ ഫോണിലെ സെറ്റിങ് ആപ്പിൽ പോയി ജനറൽ എന്നതിലേക്ക് സ്‌ക്രോൾ ഡൗൺ ചെയ്യുക. പിന്നീട് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എന്നതിൽ ടാപ്പ് ചെയ്യുക. അപ്പോൾ ഡൗൺലോഡ് ഓപ്ഷൻ ദൃശ്യമാകും. 16.5 ഡൗൺലോഡ് ചെയ്തതിനു ശേഷം അത് ഇൻസ്റ്റാൾ ചെയ്യുക.

ആപ്പിളിന്റെ വേൾഡ്വൈഡ് ഡെവലപ്പർ കോൺഫെറൻസ് ആരംഭിക്കുന്നതിന് ഏതാനും ആഴ്‌ച്ചകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ അപ്ഡേറ്റ് വരുന്നത്. ജൂൺ 5 മുതൽ 9 വരെ കാലിഫോർണിയയിൽ ആപ്പിൾ പാർക്കിൽ നടക്കുന്ന കോൺഫറൻസിന്റെ ഷെഡ്യുൾ കമ്പനി നേരത്തേ പ്രസിദ്ധപ്പെടുത്തിയിരുന്നു.