ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോം ആണ് വാട്സ്അപ്. എന്നിരുന്നാലും പലപ്പോഴും നല്ല വ്യക്തതയുള്ള ചിത്രങ്ങൾ അയയ്ക്കുന്നതിൽ ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടാറില്ല. എന്നാൽ, ഇനിയത് ഒരു ഭൂതകാല സംഭവം മാത്രമായി മാറുകയാണ് വാട്സ്അപിന്റെ പുതിയ അപ്ഡേറ്റ് വന്നതോടെ ഉയർന്ന ക്വാളിറ്റിയുള്ള ചിത്രങ്ങളും ഇനിമുതൽ വാട്സ്അപ് വഴി അയയ്ക്കാൻ കഴിയും.

നിങ്ങൾക്ക് വാട്സ്അപിലൂടെ എച്ച് ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ അയയ്ക്കാൻ കഴിയുമെന്ന് വാട്സ്അപിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ സി ഇ ഒ മാർക്ക് സുക്കർബർഗ് വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സുക്കർബർഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ പുതിയ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ വിശദമായ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനായി വാട്സ്അപ് തുറന്ന് നിങ്ങൾ ആശയവിനിമയം നടത്താൻ ഉദ്ദേശിക്കുന്ന അക്കൗണ്ട് തുറക്കുക. പിന്നീട് സ്‌ക്രീനിന്റെ താഴെ ഇടതുഭാഗത്തുള്ള + എന്ന ചിഹ്നത്തിൽ ടാപ് ചെയ്യുക. പിന്നീട് ഫോട്ടോസ് & വീഡിയോ ലൈബ്രറിയിൽ പോവുക. നിങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോ തിരഞ്ഞെടുക്കുക. ഇപ്പോൾ സ്‌ക്രീനിന്റെ മുകൾ ഭാഗത്തായി നിങ്ങൾക്ക് എച്ച് ഡി ഓപ്ഷൻ ദൃശ്യമാകും. ഇതിൽ ടാപ് ചെയ്ത ശേഷം താഴെ വലതു ഭാഗത്തുള്ള നീല നിറത്തിലുള്ള ആരോ ഐക്കണിൽ പ്രസ്സ് ചെയ്താൽ നിങ്ങളുടെ ഫോട്ടോ എച്ച് ഡി ക്വാളിറ്റിയിൽ അയയ്ക്കപ്പെടും.

വാട്സ്അപിലൂടെ ചിത്രങ്ങൾ അയയ്ക്കുന്നത് സുഗമവും സുരക്ഷിതവും ആണെന്ന് ഉറപ്പു വരുത്താൻ സ്റ്റാൻഡേർഡ് ക്വാളിറ്റി, ഡിഫോൾട്ട് ഓപ്ഷനായി തുടരുമെന്നും വാട്സ്അപ് വിശദീകരിക്കുന്നു. ലോ ബാൻഡ്വിഡ്ത്ത് കണക്റ്റിവിറ്റി ഉള്ളപ്പോൾ നിങ്ങൾക്ക് ഒരു ഫോട്ടോ വാട്സ്അപിലൂടെ ലഭിക്കുകയാണെങ്കിൽ, ഓരോ ഫോട്ടോയോ സ്റ്റാൻഡേർഡ് വേർഷനിൽ സൂക്ഷിക്കണോ അതോ എച്ച് ഡി ആയി അപ്ഗ്രേഡ് ചെയ്യണമോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാനാകും. എപ്പോഴത്തേയും പോലെ ഈ ഫോട്ടോകളും വാട്സ്അപ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കും.

അതായത്, നിങ്ങളും ഫോട്ടോ ലഭിച്ച വ്യക്തിയുമല്ലാതെ മറ്റാരും, വാട്സ്അപിന് പോലുംഈ ഫോട്ടോ കാണാനാവില്ല. അടുത്ത ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ എച്ച് ഡി ഫോട്ടോ സൗകര്യം ആഗോളാടിസ്ഥാനത്തിൽ ലഭ്യമാക്കും. തൊട്ടു പിറകെ എച്ച് ഡി വീഡിയോകളും എത്തും.