ടെക്‌സസ്: ഇലോൺ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച സ്റ്റാർഷിപ് റോക്കറ്റ് ആദ്യ പരീക്ഷണ വിക്ഷേപണം പരാജയം. ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന് അവകാശവാദം ഉന്നയിച്ചെങ്കിലും ആദ്യ പരീക്ഷണ വിക്ഷേപണത്തിൽ റോക്കറ്റ് പൊട്ടിത്തെറിച്ചു.

വ്യാഴാഴ്ച ടെക്സാസിലെ ബൊക്ക ചിക്കയിലുള്ള സ്വകാര്യ സ്പേസ് എക്സ് വിക്ഷേപണ കേന്ദ്രമായ സ്റ്റാർബേസിൽ നിന്ന് രാവിലെ ഭീമൻ റോക്കറ്റ് വിജയകരമായി കുതിച്ചുയർന്നു.ആദ്യഘട്ടം മൂന്ന് മിനിറ്റിനുള്ളിൽ വേർപെടുത്താൻ നിശ്ചയിച്ചിരിരുന്നു. എന്നാൽ വേർപിരിയൽ നടക്കാത്തതിനാൽ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.യാത്രക്കാരില്ലാതെയുള്ള പരീക്ഷണ വിക്ഷേപണമാണ് നടത്തിയത്. വിക്ഷേപണത്തിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനായെന്നും അടുത്ത വിക്ഷേപണം ഏതാനും മാസങ്ങൾക്കുള്ളിൽ ഉണ്ടാവുമെന്നും സ്പേസ് എക്സ് ഉടമ ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

നൂറു പേരെ വഹിക്കാവുന്ന പേടകമാണ് സ്റ്റാർഷിപ്പിൽ രൂപകൽപന ചെയ്തത്. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്ണാണ്. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനിൽ കോളനിയുണ്ടാക്കാൻ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ശേഷിയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഭൂമിയിലെ യാത്രയ്ക്കും സ്റ്റാർഷിപ് ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താം. മീഥെയ്‌നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്‌നും ഭാവിയിൽ ഉപയോഗിക്കാമെന്നു കണക്കുകൂട്ടൽ.

സ്‌പേസ്എക്‌സ് വർഷങ്ങളായി ഈ റോക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിഎഫ്ആർ അഥവാ ബിഗ് ഫാൽക്കൺ റോക്കറ്റ് എന്നായിരുന്നു ഇതിന് ആദ്യം നൽകിയ പേര്. പിന്നീട് ഇത് സ്റ്റാർഷിപ് എന്നാക്കി മാറ്റി. ശീതയുദ്ധകാലത്ത് അമേരിക്കൻ ദൗത്യങ്ങളുടെ കുന്തമുനയായിരുന്നു സാറ്റേൺ ഫൈവ് എന്ന റോക്കറ്റ്. 118 ടൺ ഭാരം വഹിക്കാൻ കഴിവുള്ള ഈ റോക്കറ്റ് ചരിത്രദൗത്യങ്ങളായ അപ്പോളോ, സ്‌കൈലാബ് തുടങ്ങിയവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. മൂന്നു സ്റ്റേജുകളായി ലഭിക്കുന്ന ഊർജത്തിൽ ബഹിരാകാശത്തെത്തിച്ച റോക്കറ്റിനു പക്ഷേ വിക്ഷേപണച്ചെലവു വലിയ പ്രശ്‌നമായിരുന്നു. 1973നു ശേഷം സാറ്റേൺ ഫൈവ് നാസ ഉപയോഗിച്ചിട്ടില്ല.