മുംബൈ: ലോകത്തിലെ ഫാക്ടറി എന്ന ചൈനയുടെ പദവിക്ക് ഇളക്കം തട്ടുമോ ? ആ രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ചൈനയിലെ പ്രതികൂലമായ അന്തരീക്ഷത്തിൽ നിന്ന് മറ്റുരാജ്യങ്ങളിലേക്ക് തങ്ങളുടെ ഉത്പാദന യൂണിറ്റുകൾ അന്താരാഷ്ട്ര കമ്പനികൾ പറിച്ചുനടുന്ന കാലമാണിപ്പോൾ. ആദ്യ ഇന്ത്യൻ ഐഫോൺ ഉത്പാദകരായി ടാറ്റ് ഗ്രൂപ്പ് മാറുന്നുവെന്നാണ് ഒടുവിലത്തെ വാർത്ത. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഐഫോണുകളുടെ അസംബ്ലി ഏറ്റെടുക്കുന്നത്.

തായ്വാൻ കേന്ദ്രമായുള്ള ആപ്പിൾ വിതരണക്കാരായ വിസ്‌ട്രോൺ കോർപിന്റെ ഐഫോൺ നിർമ്മാണ പ്ലാന്റ് ഏറ്റെടുക്കാനുള്ള ടാറ്റയുടെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. കർണാടകയിലെ വിസ്‌ട്രോണിന്റെ 11 ഏക്കർ വരുന്ന പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള കരാറാണ് അണിയറയിൽ ഒരുങ്ങുന്നത്. 5000 കോടി മൂല്യമുള്ള ഏറ്റെടുക്കൽ ഓഗസ്‌റ്റോടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും ഒടുവിലത്തെ ഐഫോൺ 14 മോഡലാണ് ഈ പ്ലാന്റിൽ അസംബിൾ ചെയ്യുന്നത്. 10,000 ത്തിലേറെ ജീവനക്കാരുണ്ട് ഈ പ്ലാന്റിൽ. 1.8 ബില്യൻ മൂല്യമുള്ള ഐഫോണുകളാണ് വിസ്‌ട്രോൺ ഈ സാമ്പത്തിക വർഷം കയറ്റി അയയ്ക്കുന്നത്. അടുത്ത വർഷത്തോടെ പ്ലാന്റിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാനു ലക്ഷ്യമിടുന്നു. വിസ്‌ട്രോൺ ഇന്ത്യയിലെ ഐഫോൺ ബിസിനസ് അവസാനിപ്പിക്കുന്നതോടെ, ടാറ്റ ഇക്കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പാക്കും.

ചൈനയ്ക്ക് പുറത്ത് ഐഫോണിന്റെ ഉത്പന്ന അടിത്തറ വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ടാറ്റയുടെ ഇന്ത്യൻ ഐഫോൺ. 50 കോടി ഐഫോണുകളാണ് ജൂൺ 30 വരെയുള്ള മൂന്നുമാസം വിസ്‌ട്രോൺ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്. ആപ്പിളിന്റെ മറ്റുവിതരണക്കാരായ ഫോക്‌സകോൺ ടെക്‌നോളജി ഗ്രൂപ്പും, പെഗാട്രോൺ കോർപ്പും പ്രാദേശികമായി ഉത്പാദനം വർദ്ധിപ്പിച്ചിരിക്കുകയാണ്.

മോദി സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഉത്പാദനവും, തൊഴിലും വർദ്ധിപ്പിക്കാൻ നിരവധി ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങളാണ് നൽകി വരുന്നത്. അമേരിക്കയും, ചൈനയും തമ്മിലുള്ള സംഘർഷവും, കോവിഡ് ലോക്ഡൗണുകൾക്ക് ശേഷമുള്ള സാഹചര്യവും കണക്കിലെടുത്ത് ആപ്പിൾ ചൈനയിൽ നിന്ന് ഉത്പാദന യൂണിറ്റുകൾ പറിച്ചുനടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ലോകത്തെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയെ വെല്ലുവിളിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഒരു ഇന്ത്യൻ കമ്പനി ഐ ഫോണുകൾ നിർമ്മിക്കുക എന്നത്. ചൈനയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കാനും, ഇന്ത്യയിൽ ഉത്പാദനത്തിനായി മാറി ചിന്തിക്കാനും, ആഗോള ഇലക്രോണിക്‌സ് ബ്രാൻഡുകളെ ടാറ്റയുടെ ഐ ഫോൺ അസംബ്ലിങ് പ്രേരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഉപ്പു മുതൽ ടെക് സേവനങ്ങൾ വരെയുള്ള സാധനങ്ങൾ വിൽക്കുന്ന കമ്പനിയാണ് 155 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇലക്രോണിക്‌സ് ഉത്പാദനത്തിലും ഇ-കൊമേഴ്‌സിലും കമ്പനി താരതമ്യേന പുതിയ ചുവട് വയ്പുകൾ നടത്തുകയാണ്. നിലവിൽ, ഐഫോൺ ചാസികൾ തമിഴനാട്ടിലെ നൂറുകണക്കിന് ഏക്കറുള്ള ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. ചിപ് നിർമ്മാണത്തിലും ഒരു കൈനോക്കാൻ ടാറ്റ ഒരുങ്ങുന്നതായി ചെയർമാൻ എൻ ചന്ദ്രശേഖരൻ നേരത്തെ പറഞ്ഞിരുന്നു.