ന്യൂയോർക്ക്: ശസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു. കാലാകാലങ്ങളായി മലയാളികൾ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഉപയോഗിച്ചു വരുന്ന ഒരു പ്രയോഗമാണിത്. എന്നാൽ, ഇപ്പോൾ ഇത് സത്യമായി വരുമെന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ പല വിദഗ്ധരും ഭയപ്പെടുന്നു. സാങ്കേതിക വിദ്യയുടെ മികവിൽ യന്ത്രങ്ങൾ മനുഷ്യരേക്കാൾ ബുദ്ധിയുള്ളവരാകുമ്പോൾ, ലോകത്തിന്റെ നിയന്ത്രണം ആരുടെ കൈകളിൽ ആകുമെന്നതാണ് ഇപ്പോൾ ശാസ്ത്ര-സാങ്കേതിക ലോകത്തെ ആശങ്കപ്പെടുത്തുന്ന സംശയം.

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെല്ലാം പലപ്പോഴും കാണാറുള്ള ഒന്നാണ് കാപ്ച്ച. ഉപയോക്താവ് മനുഷ്യനാണോ യന്ത്രമാണോ എന്ന് അറിയുന്നതിനുള്ള ഒരു ഉപായമാണത്. ചില കണക്കുകൾക്ക് ഉത്തരം കണ്ടുപിടിക്കലായിട്ടോ, ചില ചിത്രങ്ങൾ കണ്ടെത്തുന്നതായിട്ടോ ഒക്കെ ചില ചോദ്യങ്ങൾ ഇത് ഉപയോക്താവിനോട് ചോദിക്കും. ശരിയുത്തരം നൽകിയാൽ മാത്രമെ മുൻപോട്ട് പോകാൻ കഴിയുകയുള്ളു.

ജി പി ട് ചാറ്റിന്റെ ഏറ്റവും പുതിയ വേർഷൻ ആയ ജി പി ടി-4 ഇപ്പോൾ കാപ്ചയേയും പറ്റിച്ചിരിക്കുന്നു. താൻ കാഴ്‌ച്ചാ വൈകല്യമുള്ള മനുഷ്യനാണെന്ന് പറഞ്ഞാണത്രെ ഇത് കാപ്ച്ചയിൽ നിന്നും രക്ഷപ്പെട്ടത്. ഈ സംഭവമാണ് ഇപ്പോൾ ഏറെ ആശങ്ക ഉയർത്തിയിരിക്കുന്നത്. മനുഷ്യർക്ക് ഉപകാരപ്രദമായ ഒരു സേവന സംവിധാനമാണോ അതോ മനുഷ്യനെ കീഴടക്കി ഭരിക്കാൻ പോകുന്ന ഒരു ഭീകര സംവിധാനമാണോ ഈ നിർമ്മിതി ബുദ്ധി ആത്യന്തികമായി നമുക്ക് നൽകുക എന്നതിലാണ് ഇപ്പോൾ ആശങ്ക.

നിർമ്മിത ബുദ്ധിയുടെ ഏറ്റവും ഔന്നത്യത്തിലെത്തിയ ചാറ്റ് ജി പി ടിയുടെ നിർമ്മാതാക്കൾ തന്നെ പറയുന്നത് ഇനി ഏറെ ശ്രദ്ധിച്ചു വേണം ഇക്കാര്യത്തിൽ മുൻപോട്ട് പോകാൻ എന്നാണ്. ഓപൺ എ ഐ യിൽ 8 ബില്യൺ ഡോളർ നിക്ഷേപിച്ച ബിൽ ഗേറ്റ്സും ഇപ്പോൾ നൽകുന്ന ഉപദേശം ഇതു തന്നെയാണ്. സൂപ്പർ ഇന്റലിജന്റ് ആയ കമ്പ്യുട്ടറുകൾ എത്തിയാൽ ഒരുപക്ഷെ അവ നടപ്പാക്കുക അവരുടെ അജണ്ടകളായിരിക്കുമെന്ന് ബിൽ ഗെയ്റ്റ്സ് മുന്നറിയിപ്പ് നൽകുന്നു.

അതുകൊണ്ടു തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വികസനങ്ങൾക്ക് വേഗത കുറക്കണമെന്ന് ആവശ്യൂപ്പെട്ട് സാങ്കേതിക രംഗത്തെ പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു നോൺ പ്രൊഫിറ്റ് സംഘടനയായ ഫ്യുച്ചർ ഓഫ് ലൈഫ് ഇൻസ്റ്റിറ്റിയുട്ടിനു വേണ്ടി ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്, എ ഐ സി അയോ എമദ് മൊസ്റ്റാക്ക്, തുടങ്ങി ആയിരത്തിൽ അധികം പ്രമുഖർ ഒപ്പു വച്ച പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

അനുകൂല ഫലം നൽകുമെന്ന് ഉറപ്പുള്ളതും,, എതൊരുവിധത്തിലുള്ള അപകടങ്ങളും നിയന്ത്രിക്കാൻ കഴിയുമെന്ന് വിശ്വാസമുള്ളതുമായ ഒരു വികസന ഘട്ടത്തിലേക്ക് നീങ്ങാവൂ എന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. മനുഷ്യനുമായി മത്സരിക്കാൻ പ്രാപ്തിയുള്ള നിർമ്മിതി ബുദ്ധി എത്തിയാൽ, മനുഷ്യ സംസ്‌കാരത്തിനും, സമൂഹത്തിനും എന്താണ് സംഭവിക്കുക എന്ന് ഓർക്കണമെന്നും കത്തിൽ പറയുന്നുണ്ട്.