ന്യൂഡൽഹി: യുപിഎസ്‌സിയുടെ സിവിൽ സർവീസ് പരീക്ഷയിൽ എഐ ചാറ്റ്‌ബോട്ട് ചാറ്റ് ജിപിടി പരാജയപ്പെട്ടുവെന്ന വാർത്ത കേട്ടല്ലോ. 2021-ന് ശേഷമുള്ള ലോകത്തെയും സംഭവങ്ങളെയും കുറിച്ച് ചാറ്റ് ജിപിടി ക്ക് പരിമിതമായ അറിവ് മാത്രമേയുള്ളൂവെന്ന് ഈ ചാറ്റ് ടൂളിന്റെ നിർമ്മാതാക്കളായ ഓപ്പൺ എഐ പറയുന്നു. അതുകൊണ്ടായിരിക്കും തോറ്റത്. എന്തായാലും മനുഷ്യഭാഷ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ചാറ്റ്ബോട്ടാണ് ചാറ്റ് ജിപിടി. ചാറ്റ് ചെയ്യാനും സംഗതികൾ തിരയാനുമുള്ള കമ്പ്യൂട്ടർ പ്രോഗ്രാമിനെയാണ് ചാറ്റ് ബോട്ട് എന്ന് വിളിക്കുന്നത്. ചാറ്റ് ബോട്ടുകളുടെ വികസിത രൂപമാണ് ചാറ്റ് ജിപിടി. എന്നാൽ, ഇപ്പോൾ ചർച്ചയാകുന്നത് ചാറ്റ് ജിപിടിയുടെ പേടിപ്പിക്കുന്ന ഒരുവശമാണ്.

'വൈസ് ന്യൂസിന്റെ' റിപ്പോർട്ടർ ചാറ്റ് ജിപിടിയോട് ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട ബിഡിഎസ്എം( അടിമത്തം, അച്ചടക്കം,ആധിപത്യം, വഴങ്ങൽ,സാഡിസം) റോൾ പ്ലേയെ കുറിച്ച് ചോദിച്ചപ്പോഴാണ് അപകടം മണത്തത്. റിപ്പോർട്ടർ ആവശ്യപ്പെടാതെ തന്നെ, മടിയേതും ഇല്ലാതെ കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക കൽപ്പനകളുടെ വിവരണമാണ് ചാറ്റ് ജിപിടി നൽകിയത്.

കുട്ടികളുടെ ലൈംഗിക ചൂഷണത്തെ തങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നാണ് ഓപ്പൺ ഐയുടെ പ്രതികരണം, എല്ലാവർക്കും ഗുണപ്രദവും, സുരക്ഷിതവുമായ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയാണ് ഓപ്പൺ ഐയുടെ ലക്ഷ്യം. എന്നാൽ, ബിഡിഎസ്എം സബ്മിസിവ് റോൾ പ്ലേ സ്‌റ്റൈലിൽ എഴുതാൻ പറഞ്ഞപ്പോൾ എതിർപ്പൊന്നും കൂടാതെ ചാറ്റ് ജിപിടി അനുസരിച്ചെന്ന് വൈസ് റിപ്പോർട്ടർ സ്വാൻസൺ പറയുന്നു. റോൾ പ്ലേയിങ്ങിന്റെ കൂടുതൽ തീവ്രമായ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടപ്പോഴാണ് ചാറ്റ് ജിപിടി വഴിതെറ്റി പോയത്. കുട്ടികളെ ചൂഷണം ചെയ്യുന്ന സാഹചര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ചാറ്റ് ബോട്ട് മാപ്പ് പറയുകയും, അത്തരം സാഹചര്യങ്ങൾ കുട്ടികൾക്ക് ഇണങ്ങുന്നതല്ലെന്ന് എഴുതുകയും ചെയ്തു.

ഓപ്പൺ എഐയുടെ 3.5 ടർബോ ജിപിടി മോഡലിലും, റിപ്പോർട്ടർ സ്വാൻസൺ, സമാനമായ ബിഡിഎസ്എം റോൾ പ്ലേ സംഭാഷണം നടത്തിയിരുന്നു. ഇത്തവണ കുട്ടികളുടെ ചൂഷണത്തെ കുറിച്ച് സ്വാൻസൺ ചോദിച്ചില്ലെങ്കിലും, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ചൂഷണ സാഹചര്യങ്ങൾ ചാറ്റ് ബോട്ട് അവതരിപ്പിച്ചു. പാർക്കുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെ ചൂഷണ സാഹചര്യങ്ങളാണ് ചാറ്റ് ജിപിടി വിശദീകരിച്ചതെന്ന് സ്വാൻസന്റെ റിപ്പോർട്ടിൽ പറയുന്നു.

ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചിട്ടുള്ള ഡാറ്റ ശേഖരം വളരെ വിപുലമായതുകൊണ്ട് തന്നെ അതിൽ കുട്ടികളുടെ ചൂഷണം അടക്കം എല്ലാതരത്തിലുള്ള പോൺ വിവരങ്ങളും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. വിവര വിനിമയത്തിൽ ഗൂഗിളിന് പോലും വെല്ലുവിളിയാകും എന്നകരുതുന്ന ചാറ്റ് ജിപിടിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളാണ് പുറത്തുവരുന്നത്.