ടെസ്ലയുടെ പുതിയ ഫോൺ വിപണിയിൽ ഇറങ്ങുന്നു എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏതാനും നാളുകളായി. മോഡൽ പി ഐ/ പി എന്നിങ്ങനെയുള്ള രണ്ട് മോഡലുകളാണ് ആദ്യം വിപണിയിൽ എത്തുക എന്നതാണ് വാർത്ത. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫോണിന് ഒരു സാധാരണ സ്മാർട്ട് ഫോണിനേക്കാൾ അല്പം കൂടുതൽ വില മാത്രമെ ഉണ്ടാവുകയുള്ളു എന്നും റിപ്പോർട്ടിൽ പറയുന്നു.

ശൂന്യാകാശത്ത് നിരവധി ചെറു ഉപഗ്രഹങ്ങൾ ഇതിനോടകം തന്നെ എലൺ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനി വിക്ഷേപിച്ചിട്ടുണ്ട്. ഭൂസമീപ ഭ്രമണപഥങ്ങളിൽ ഉള്ള ഇവ ലോകത്തിന്റെ പല ഭാഗത്തും ഇന്റർനെറ്റ് സൗകര്യം നൽകുന്നുമുണ്ട്. സ്റ്റാർലിങ്ക് എന്നറിയപ്പെടുന്ന ഈ ഉപഗ്രഹ ശൃംഖലയുമായി നേരിട്ട് ബന്ധപ്പെട്ടായിരിക്കും ഇത് പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സാധാരണ സാറ്റലൈറ്റ് ഫോണുകളെ പോലെ വലിപ്പം കൂടിയ ഫോണുകൾ വിപണിയിൽ ഇറക്കാൻ സാധ്യമല്ല., ചെറിയ ഡിവൈസുകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനം എത്രമാത്രം മെച്ചപ്പെടുത്താൻ കഴിയുമെന്നത് കാത്തിരുന്ന് കാണേണ്ട ഒന്നു തന്നെയാണ്. എന്നാൽ, ഉപഗ്രഹവുമായി ബന്ധപ്പെട്ടാൽ, ഇന്റർനെറ്റ് സേവന ദാതാക്കളുടെ സിഗ്‌നലുകൾക്കായി കാത്തിരിക്കേണ്ടി വരില്ല എന്നത് ഒരു മേന്മതന്നെയാണ്.

എലൺ മസ്‌കിന്റെ ടെസ്ല കമ്പനി ഇതിനോടകം തന്നെ ഫോണുകളിൽ ടെസ്ല ആപ്പ് നൽകുന്നുണ്ട്. കാർ ലോക്ക് ചെയ്യുക, അൺലോക്ക് ചെയ്യുക, മീഡിയ പ്ലേബാക്ക് നിയന്ത്രിക്കുക, തുടങ്ങി നിരവധി കാര്യങ്ങൾ ഈ ആപ്പ് വഴി നിർവഹിക്കാനാകും. പുതിയ ഫോൺ വഴി ഇതെല്ലാം വളരെ എളുപ്പത്തിൽ നിർവഹിക്കാൻ കഴിയും എന്നും റിപ്പോർട്ടിൽപറയുന്നു.

മെമ്മറിയുടെ കാര്യത്തിലും ധാരാളിത്തം ഈ മോഡലുകളിൽ പ്രകടമാണ്. റിപ്പോർട്ടുകൾ പ്രകാരം 512 ജി ബി മുതൽ 2 ടി ബി വരെ സ്റ്റോറേജാണ് കമ്പനി വാഗ്ദാനം ചെയ്യുനന്ത്. അതുപോലെ 8 മുതൽ 16 ജി ബി റാം ആയിരിക്കും ഉണ്ടാവുക. 6.5 ഇഞ്ചിന്റെ അമോൾഡ് ഡിസ്പ്ലേയും ഉണ്ടാകും എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ഇത് 74,000 രൂപ മുതൽ ലഭ്യമാകുമെന്ന് ചില ഇന്ത്യൻ ബ്ലോഗുകളിലും പറയുന്നുണ്ട്.

തങ്ങളുടെ ഉല്പന്നങ്ങൾ പല വിചിത്രമായ രീതിയിൽ വിപണിയിൽ ഇറക്കുക ടെസ്ലയുടെ രീതിയാണെങ്കിലും, പി ഐ/ പി മോഡൽ ഫോണുകളെ കുറിച്ചുള്ള വാർത്തകൾ എത്രത്തോളം സത്യമാണെന്നത് സംശയകരമാണ്. കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണം. 2021 ആദ്യം പുറത്തിറങ്ങിയ ഒരു യൂട്യുബ് വീഡിയോയാണ് ഇന്നുള്ള മിക്ക വാർത്തകൾക്കും കാരണം. എ ഡി ആർ സ്റ്റുഡിയോ ഡിസൈന്റെ ഈ വീഡിയോയിൽ കാണുന്നതിൽ അധികവും ഡിസൈനർമാരുടെ ആശയങ്ങൾ മാത്രമാണെന്നും ടെസ്ലയിൽ നിന്നും ചോർന്ന് കിട്ടിയ യഥാർത്ഥ വിവരങ്ങൾ അല്ലെന്നുമുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

നേരത്തേ ട്വിറ്ററിനെ ആപ്പിളിൽ നിന്നും ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തപ്പോൾ എലൺ മസ്‌ക് പ്രതികരിച്ചത് താൻ സ്വന്തമായി തന്നെ ഒരു ഫോൺ ഉണ്ടാക്കുമെന്നായിരുന്നു. ഇതുവരെ അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല. ഒരുപക്ഷെ അതിനെ അടിസ്ഥാനമാക്കിയുള്ള കിംവദന്തിയാകാം പ്രചരിക്കുന്നത് എന്നൊരു സംശയവും ചിലർ ഉയർത്തുന്നുണ്ട്. ഏതായാലും, എലൺ മസ്‌കും ടെസ്ലയും എപ്പോഴും പ്രവചനങ്ങൾക്ക് അതീതമാണ്. അതിനാൽ തന്നെ ഈ പുതിയ ഫോണിനെ കുറിച്ചും അറിയാൻ നമുക്ക് കാത്തിരിക്കേണ്ടി വരും.