വള്ളികുന്നം: വള്ളികുന്നത്ത് ക്ഷേത്ര മൈതാനത്തിൽ വെച്ച് നടന്ന പത്താംക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകം ആർഎസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും ആർഎസ്എസ് ക്ഷേത്രങ്ങളെ ആയുധപ്പുരകൾ ആക്കുകയാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം.എം.താഹിർ പറഞ്ഞു.ജില്ലയിൽ ഇതിന് മുമ്പും ക്ഷേത്രാങ്കണത്തിൽ വെച്ച് ആർഎസ്എസ് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്.

ക്ഷേത്ര ഉത്സവത്തിനിടെ ആലപ്പുഴയിൽ മുഹ്‌സിൻ,ചേർത്തല അനന്ദു,ജില്ലാ അതിർത്തിയായ പാവുമ്പയിൽ അഖിൽജിത്ത് എന്നിവരെയാണ് ഇതിന് മുമ്പ് ആർഎസ്എസ് കൊലക്കത്തിക്കിരയാക്കിയത്. കേരളത്തിൽ അധികാരം ലക്ഷ്യം വെച്ചുള്ള വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ആർഎസ്എസ് വൻതോതിൽ നടത്തുകയാണ്.ഇതിനായി പ്രവർത്തനം ആരംഭിക്കുന്നത് ക്ഷേത്ര കവാടങ്ങളിൽ നിന്നാണ്.ക്ഷേത്രങ്ങളിൽ നിന്ന് സംഘപരിവാറിനെ ആട്ടിയകറ്റാൻ വിശ്വാസി സമൂഹം തയ്യാറാകേണ്ടതുണ്ട്.വള്ളികുന്നത്തെ കൊലപാതകം ആസൂത്രിതം ആണെന്ന് വ്യക്തമാണ്.

അഭിമന്യുവിന്റെ വീട് ആക്രമിച്ചത് മുതൽ കൊലപാതകം വരെയുള്ള സംഭവങ്ങളിൽ ആർഎസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണം.ഒരു വ്യക്തിയിലേക്ക് കൊലപാതകത്തെ കൊണ്ടെത്തിച്ച് രക്ഷപ്പെടാനുള്ള സംഘപരിവാർ ശ്രമങ്ങളെ വെളിച്ചത്തുകൊണ്ട് വരാൻ പൊലീസ് തയ്യാറാകണം.വള്ളികുന്നത്തെ സംഘർഷങ്ങളിൽ കാലങ്ങളായി പൊലീസ് തുടരുന്ന നിസ്സംഗത ആർഎസ്എസ് ന് വളരാൻ അവസരം സൃഷ്ടിക്കുന്നുണ്ട്.

കർശന നടപടികൾ എടുക്കേണ്ട സംഘർഷങ്ങളിൽ പലപ്പോഴും ആർഎസ്എസ് ന് ഒത്താശ ചെയ്യുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്.കടുവിനാൽ അഷ്‌റഫ് വധക്കേസിലെ ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസിന് വേണ്ടത്ര തെളിവുകൾ സമർപ്പിക്കാൻ കഴിയാത്തത് മൂലം മേൽ കോടതിയിൽ നിന്നും പ്രതികൾക്ക് അനുകൂലമായ വിധി വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അത് ഈ കേസിലും ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം.കൊലപാതകത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.