കോഴിക്കോട്: സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ റദ്ദാക്കിയ തമിഴ്‌നാട് സർക്കാരിനെ മാതൃകയാക്കാൻ കേരള മുഖ്യമന്ത്രി തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. ആയിരത്തി അഞ്ഞൂറോളം കേസുകൾ പിൻവലിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമെ ലോക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം കേസുകളും തമിഴ്‌നാട് സർക്കാർ പിൻവലിക്കുന്നു.

കേരളത്തിലെ കേസുകൾ പിൻവലിക്കുന്നതിനെ കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് ഒരു വർഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല. ഉന്നതരായ രാഷ്ട്രീയ, സാമൂഹിക നേതാക്കൾക്കടക്കം കോടതികളിൽ നിന്ന് സമൻസ് വന്നു കൊണ്ടിരിക്കുകയാണ്. ഇത് ജനവഞ്ചനയും നിയമസഭയോടുള്ള അവഹേളനവുമാണെന്നും മജീദ് ഫൈസി പറഞ്ഞു.