മലപ്പുറം: 1969 ജൂൺ 16ന് മലപ്പുറം ജില്ല ഔദ്വോഗികമായി നിലവിൽ വന്നപ്പോൾ അന്നത്തെ ജനസംഖ്യ 13,94,000 ആയിരുന്നു. 52 വർഷം പിന്നിടുമ്പോൾ ഇന്ന് ജില്ലയിലെ ജനസംഖ്യ 50 ലക്ഷത്തോളം ആയിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളിലെതിനേക്കാളും കൂടുതലാണ് മലപ്പുറം ജില്ലയിലെ മാത്രം ജനസംഖ്യ. ഇതിനാൽ മലപ്പുറം ജില്ലാ വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കായിക വഖഫ് കാര്യ മന്ത്രി വി. അബ്ദു റഹ്മാന് നിവേദനം നൽകി.

ജില്ലാ പ്രസിഡന്റ് സി പി എ. ലത്തീഫ് , ജനറൽ സെക്രട്ടറി എ കെ. അബ്ദുൽ മജീദ് , വൈസ് പ്രസിഡന്റ് ഇക്റാമുൽ ഹഖ് തുടങ്ങിയവർ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുകയയിരുന്നു. മലപ്പുറം ജില്ലയുടെ യുടെ സമഗ്ര വികസനത്തിന് ജില്ലയുടെ വിഭജനം മാത്രമാണ് പരിഹാരമെന്ന് എസ്ഡിപിഐ നേതാക്കൾ മന്ത്രിയെ ബോധ്യപ്പെടുത്തി.

വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി സകല മേഖലകളിലും ജില്ലയുടെ സമഗ്ര പുരോഗതി സാധ്യമാകണമെങ്കിൽ തിരൂരങ്ങാടി, തിരൂർ, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി പുതിയ തിരൂർ ജില്ല രൂപീകരിച്ചേ പറ്റൂ. ഇക്കാര്യം എല്ലാവരും സമ്മതിക്കുമ്പോഴും ജില്ലാ രൂപീകരണം നീണ്ടു പോകുന്നത് ജില്ലയിലെ 50 ലക്ഷത്തോളം വരുന്ന ജനങ്ങളോടുള്ള വഞ്ചനയായേ കാണാൻ പറ്റൂ.ജനസംഖ്യാനുപാതികമായി വികസനത്തിന്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്കെത്തണമെങ്കിൽ മറ്റ് ജില്ലകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ മൂന്നിരട്ടിയെങ്കിലും നിലവിലുള്ള അവസ്ഥയിൽ മലപ്പുറം ജില്ലക്ക് ലഭിക്കേണ്ടതുണ്ട്.

1969 ജൂൺ 16ന് ജില്ല ഔദ്വോഗികമായി നിലവിൽ വന്നപ്പോൾ അന്നത്തെ ജനസംഖ്യ 13,94,000 ആയിരുന്നു. 52 വർഷം പിന്നിടുമ്പോൾ ഇന്ന് ജില്ലയിലെ ജനസംഖ്യ 50 ലക്ഷത്തോളം ആയിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളിലെതിനേക്കാളും കൂടുതലാണ് മലപ്പുറം ജില്ലയിലെ മാത്രം ജനസംഖ്യ.

ജില്ലകൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളും വിഭവങ്ങളും നീതി പൂർവം മലപ്പുറം ജില്ലയിലെ ജനങ്ങൾക്കും പ്രയോജനപ്രദമാകണമെങ്കിൽ ജില്ലയുടെ വിഭജനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അതുകൊണ്ട് ഈ വിഷയത്തിൽ ജില്ലയുടെ പ്രതിനിധി എന്ന നിലയിൽ മന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നും ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.