കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും മലയാളി കോവിഡിനെ ഭയന്ന് വീട്ടിലിരുന്നില്ല. രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ച് പ്രാഥമിക കണക്കുകൾ പുറത്ത് വരുമ്പോൾ 75.41 പേർ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു ശരാശരി പോളിങ്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു ശരാശരി പോളിങ്. വൈകുന്നേരം അഞ്ച് മണിയോടെ തന്നെ ഒന്നാം ഘട്ട വോട്ടെടുപ്പിനേക്കാൾ പോളിങ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തി. നിലവിൽ 75.41 ശതമാനമാണ് പോളിങ് നില അന്തിമകണക്കുകൾ വരുമ്പോൾ ഇതിൽ വ്യത്യാസം വരും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയായിരുന്നു പോളിങ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.

വൈകുന്നേരം ആറുമണി വരെ 75.41 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ മന്ത്രി എ.സി മൊയ്തീൻ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. വിവാദങ്ങൾ ബാധിക്കില്ലെന്നും വീട് മുടക്കുന്നവർക്ക് ജനം വോട്ട് നൽകില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പ്രതികരിച്ചു. രാവിലെ ആറര മുതൽ തന്നെ വോട്ടർമാർ പല പോളിങ് ബൂത്തുകളിലും എത്തിച്ചേർന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്.

അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തിയത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ മുതൽ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കണ്ടത്. ഉച്ചവരെ ഈ ട്രൻഡ് തുടർന്നു. ഉച്ചയ്ക്ക് ശേഷം പലയിടത്തും പോളിങ് മന്ദഗതിയായെങ്കിലും പിന്നീട് വൈകുന്നേരത്തോടെ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യമായി. കെോവിഡ് രോഗികളും കോവിഡ് നിരീക്ഷണത്തിലുള്ളവരും പോളിംഗിന്റെ അവസാന മണിക്കൂറിൽ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ആറ് മണിക്ക് ശേഷം ക്യൂവിൽ ഉണ്ടായിരുന്നവർക്ക് സ്ലിപ്പ് നൽകിയാണ് വോട്ട് ചെയ്യിപ്പച്ചത്.

457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 350 ഗ്രാമപഞ്ചായത്തുകളിലേക്കും 58 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 5 ജില്ലാ പഞ്ചായത്തിലേക്കും രണ്ട് കോർപ്പറേഷനുകളിലേക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 451 തദ്ദേശഭരണസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്ക് ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ഇന്ന് പോളിം​ഗ് സ്റ്റേഷനുകളിൽ എത്തിയത്.

കോട്ടയത്ത് കേരള കോൺഗ്രസ് എം, ജോസഫ് വിഭാഗങ്ങൾക്ക് അഭിമാനപ്പോരാട്ടമാണ് ഇക്കുറി. ഇന്നത്തെ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാവും. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.

രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എൽഡിഎഫ് കാഴ്ചവെച്ചത്. ഇന്നത്തെ വോട്ടെടുപ്പിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂർ കോർപറേഷനിലേക്ക് കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

പാലക്കാട് നഗരഭരണം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന കിഴക്കമ്പലത്തും സമീപമുള്ള നാല് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മയായ ട്വന്റി 20 -യുടെ പ്രകടനമാണ് ഉറ്റുനോക്കപ്പെടുന്നത്. കിഴക്കമ്പലത്ത് ഭരണം നിലനി‍ർത്താനും മറ്റു പഞ്ചായത്തുകളിലും വിജയം ആവ‍ർത്തിക്കാൻ സാധിച്ചാലും എറണാകുളത്തിന്റെ രാഷ്ട്രീയഭൂപടം തന്നെ ഒരു പക്ഷേ ട്വന്റി 20 മാറ്റിയെഴുത്തിയേക്കും.