തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകൾ നശിപ്പിക്കാനെന്ന സംശയം ഉയർന്നതോടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. പതിവില്ലാതെ ചീഫ് സെക്രട്ടറി തന്നെ രംഗം ശാന്തമാക്കാൻ ഇടപെടുന്നത് കണ്ടു. ബിജെപിയും കോൺഗ്രസ്സും സംഭവം രാഷ്ട്രീയവത്കരിച്ചതോടെ സെക്രട്ടേറിയറ്റ് പരിസരം സംഘർഷഭരിതമായി. തീപിടിത്തം ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എ. കൗശിഗൻ സംഭവം അന്വേഷിക്കും. തീപിടിത്തത്തിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും.
. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.

സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും നശിച്ചുവെന്നും നാളെ യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ആരുടെയും തറവാട്ട് സ്വത്തല്ല. സെക്രട്ടേറിയേറ്റിന് മുന്നിൽ അസാധാരണ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഫയൽ തീയിൽ വേകുമ്പോൾ നോക്കി നിൽക്കണോ, ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടുന്നത് വരെ പുറത്ത് കുത്തിയിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് പിന്നീട് ഗവർണറെ കണ്ടു.

സെക്രട്ടേറിയറ്റിന്റെ മൂന്ന് സെക്ഷനുകളിലാണ് തീപിടിത്തം ഉണ്ടായതെന്നും വിദേശയാത്രയുടെ ബന്ധപ്പെട്ടതും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ രഹസ്യ ഫയലുകളാണ് നശിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. 'നശിച്ചത് അല്ലെങ്കിൽ നശിപ്പിച്ച് കളഞ്ഞത്' എന്നാണ് എന്നാണ് അദ്ദേഹം തീപിടിത്തത്തെ കുറിച്ച് വിശദീകരിച്ചത്. സംഭവസ്ഥലം സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും മറ്റ് കോൺഗ്രസ് നേതാക്കന്മാരെയും അധികൃതർ അനുവദിച്ചിരുന്നു. തീപിടുത്തം സംബന്ധിച്ച് താൻ റവന്യു സെക്രട്ടറിയുമായും ആഭ്യന്തര സെക്രട്ടറിയുമായും ചർച്ചകൾ നടത്തിയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ധാരാളം ഫയലുകൾക്ക് തീപിടിച്ചിരിക്കുന്നുവെന്നും സ്വർണക്കടത്തിന്റെ അന്വേഷണവുമായും ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വി.വി.ഐ.പികളെ ഡെസിഗ്‌നേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടുവെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സർക്കാരിന് ഒരു വി.വി.ഐ.പി ആണെന്നും അദ്ദേഹം ആരോപിച്ചു.

എൻഐഎ അന്വേഷിക്കണം

നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം തൃപ്തികരമല്ല. പിണറായിയുടെ നിർദ്ദേശത്തിന് അനുസരിച്ച് റിപ്പോർട്ട് തയാറാക്കുന്ന ഉദ്യോഗസ്ഥരാണ് ഉള്ളത്. അതിനാൽ സംഭവം എൻഐഎ തന്നെ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് പൂട്ടിയ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് ദിവസമായി പൂട്ടിക്കിടക്കുന്ന ഓഫീസ് മുറിയിൽ തീപിടിത്തം ഉണ്ടായത് ദുരൂഹമാണ്. സുപ്രധാന ഫയലുകളാണ് നശിച്ചിരിക്കുന്നത്.

സംഭവ സ്ഥലത്തേക്ക് പ്രതിപക്ഷ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ഉദ്യോഗസ്ഥർ കടത്തിവിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിക്കുന്നത്. ഇത് സ്റ്റാലിൻ ഭരണമല്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിഷേധക്കാർക്ക് നേരേ ജലപീരങ്കി പ്രയോഗം

സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊലീസിനെതിരെയും സർക്കാരിനെതിരെയും മുദ്രാവാക്യങ്ങളുമായി സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ തടഞ്ഞ ശേഷം ഇവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

സെക്രട്ടേറിയറ്റിന്റെ കന്റോൺമെന്റ് ഗേറ്റിൽ പ്രതിപക്ഷ നേതാക്കൾ അടക്കം സമരം നടത്തുമ്പോൾ സമാന്തരമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഒത്തുകൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്യുന്നുണ്ടായിരുന്നു.യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരത്തിനിടെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ സൂചകമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കാനും തുനിഞ്ഞു. സെക്രട്ടേറിയറ്റ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലും പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും ബുധനാഴ്ച കരിദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. സമാനമായി ബുധനാഴ്ച പ്രതിഷേധ ദിനവും ആചരിക്കും.

കെ.സുരേന്ദ്രനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു; തീപിടുത്തം അട്ടിമറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് എന്നിവരെയും പൊലീസ് ബലമായി അറസ്റ്റ് ചെയ്തു. പൊതുഭരണ വകുപ്പിൽ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകൾ പ്രോട്ടോകോൾ വിഭാഗത്തിലാണുള്ളത്. തീപിടിത്തം അട്ടിമറിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്ഥലം സന്ദർശിക്കാനെത്തിയ സുരേന്ദ്രനെയും ബിജെപി നേതാക്കളെയും ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതു പ്രവർത്തകരും മാധ്യമങ്ങളും സെക്രട്ടേറിയറ്റു പരിസരത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടിയാരംഭിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാൻ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിലും ദുരൂഹതയുണ്ട്. തീപിടിത്തത്തിന്റെ മറവിൽ സുപ്രധാന ഫയലുകൾ നഷ്ടപ്പെടാനും സാധ്യതയേറെയാണ്.

സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെ.ടി ജലീലേക്കും വരുമെന്നായപ്പോൾ സർക്കാർ തന്നെ ഫയലുകൾക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തെളിവുകളും നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പലതും ചെയ്തുകൊണ്ടിരിക്കുന്നത്. പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറൻസിക് വിദഗ്ദ്ധർ എത്തി അന്വേഷണം നടത്തണം. കേരളത്തിൽ ഇപ്പോൾ ഭീദിതമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ച് നടത്തി.

ബിജെപി നാളെ പ്രതിഷേധദിനം ആചരിക്കും

സെക്രട്ടറിയേറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ കത്തിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. തീപ്പിടിച്ച സംഭവസ്ഥലം സന്ദർശിച്ച കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കന്മാരെ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒരു പ്രകോപനവുമില്ലാതെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ നടക്കുന്ന ഭരണകൂട ഭീകരതയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം എൻഐഎയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടു.

തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ ശ്രമെന്ന് വി.മുരളീധരൻ

സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുളരീധരൻ. സ്വർണ കള്ളക്കടത്തു കേസിൽ കള്ളത്തരം പുറത്താകുമെന്ന് മനസിലായപ്പോൾ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു. പ്രോട്ടോക്കോൾ ഓഫീസിലെ കത്തിനശിച്ച ഫയലുകൾ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോയെന്നും അദ്ദേഹം ആശങ്ക ഉന്നയിച്ചു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരൻ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചത്.

കൃത്യമായ വഴിയിൽ അന്വേഷണമെത്തുമെന്ന് മനസിലായപ്പോൾ എല്ലാ രേഖകളും കത്തിച്ചതാണോയെന്ന സംശയം ന്യായമായും പൊതുജനങ്ങൾക്കുണ്ടാകും. സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടില്ലെന്ന പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി. ഹണിയുടെ തിടുക്കത്തിലുള്ള പ്രതികരണത്തിലുണ്ട് എല്ലാമെന്നും അദ്ദേഹം ആരോപിച്ചു.

അട്ടിമറിക്ക് കുടപിടിക്കുകയാണോ ചീഫ് സെക്രട്ടറി? ഇത് യാദൃശ്ചികമായുണ്ടായ തീപിടിത്തമെങ്കിൽ അവിടെയെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതെന്തിന്? ഇത്തരം അട്ടിമറി നടക്കുമ്പോൾ കെ.സുരേന്ദ്രൻ അവിടെയെത്തി പ്രതിഷേധിക്കുമെന്ന് കരുതിയില്ലേയെന്നും മുരളീധരൻ ചോദിച്ചു. ഉള്ളത് പറയുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വാമൂടാമെന്ന് കരുതേണ്ട ! ഈ ആസൂത്രിത അട്ടിമറിയെ തുറന്നെതിർക്കാൻ ബിജെപി ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തീ പിടിച്ചതോ പിടിപ്പിച്ചതോയെന്ന് വ്യക്തമാകാൻ സമഗ്രമായ അന്വേഷണം വേണം. മടിയിൽ കനമില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇത്തരം കുത്സിത പ്രവൃത്തികളിലൂടെ പൊതു സമൂഹത്തിന് മുന്നിൽ കൂടുതൽ പരിഹാസ്യനാകുകയാണ് മുഖ്യമന്ത്രിയെന്നും മുരളീധരൻ പറഞ്ഞു.

കലാപഭൂമിയാക്കാൻ ആസൂത്രിതശ്രമമെന്ന് ഇ.പി.ജയരാജൻ

സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാൻ ആസൂത്രിതശ്രമം നടത്തുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ. കോൺഗ്രസും ബിജെപിയും വ്യാപകമായ അക്രമം നടത്താൻ ശ്രമിക്കുന്നു. ബിജെപി അദ്ധ്യക്ഷനായ കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റിനുള്ളിൽ ചാടിക്കയറി അക്രമം കാട്ടി. സ്ഥലത്തെ പൊലീസിനെയും ആക്രമിച്ചെന്ന് മന്ത്രി ആരോപിച്ചു.

ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് കരുതുന്നതായി ഇ.പി.ജയരാജൻ അറിയിച്ചു.ആരെങ്കിലും അക്രമത്തിന് ശ്രമിച്ചാൽ അവർക്ക് വഴിയൊരുക്കുകയാണോ പൊലീസ് ചെയ്യേണ്ടതെന്ന് മന്ത്രി
പൊലീസിനെ വിമർശിച്ചു.

നേരിട്ടെത്തി ചീഫ് സെക്രട്ടറി

സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തം. പിന്നാലെ സെക്രട്ടേറിയറ്റിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളും പൊലീസും തമ്മിൽ സംഘർഷം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി സമരക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി. മാധ്യമങ്ങളെ പുറത്താക്കി. സെക്രട്ടേറിയറ്റിനുള്ളിൽ രാഷ്ട്രീയപ്രസംഗവും സമരവും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി നിലപാടെടുത്തു. നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. തീപിടിത്തം നിഷ്പക്ഷമായി അന്വേഷിക്കും, ഒന്നുംമറച്ചുവയ്ക്കാനില്ല. ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ അജൻഡയില്ല; ജോലിചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതമെന്ന് പൊതുഭരണവകുപ്പ്

സെക്രട്ടറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി പി ഹണി വ്യക്തമാക്കി. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽകുമാറും വ്യക്തമാക്കി.ഓഫീസിലെ ഒരു കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്ന് ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചു. ഈ കംപ്യൂട്ടറിന്റെ റാക്കിലുണ്ടായിരുന്ന ഫയലുകളാണ് കത്തിനശിച്ചത്. ഗസ്റ്റ് ഹൗസുകളിലെ റൂം ബംക്കിംഗുമായി ബന്ധപ്പെട്ട കടലാസുകളാണ് നശിച്ചത്. ഇ-ഫയലിങ് സിസ്റ്റം ഉള്ളതിനാൽ ഏത് ഫയലുകൾ നശിച്ചാലും അവ വീണ്ടെടുക്കാനുമാകും.