തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം ആളിക്കത്തിച്ചു പ്രതിപക്ഷ പാർട്ടികൾ. ഇതടെ ഏറെനാളത്തെ ഇടവേളയ്ക്കു ശേഷം സെക്രട്ടേറിയറ്റ് പരിസരം വീണ്ടും സമരച്ചൂടിലായി. സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച നടത്തിയ സമരം സംഘർഷത്തിലെത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ബാരിക്കേഡ് തകർത്ത് പ്രവർത്തകർ മുന്നോട്ടുവന്നതോടെ കണ്ണീർവാതകം പ്രയോഗിച്ചു. മൂന്നു തവണ കണ്ണീർ വാതകം പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി.

ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ പിൻവാങ്ങിയെങ്കിലും വീണ്ടും പ്രതിഷേധം ശക്തമാക്കി. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് പ്രതിഷേധം. സർക്കാരിനെതിരായ പ്രതിഷേധം ഓരോ നിമിഷവും വർധിച്ചുവരികയാണ്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രകടനവും സെക്രട്ടേറിയറ്റിലേക്ക് എത്തി. കന്റോൺമെന്റ് ഗേറ്റിനു മുന്നിൽ പ്രവർത്തകർ ഒത്തുചേർന്ന് പ്രതിഷേധിക്കുകയാണ്.

കണ്ണൂർ കലക്ടറേറ്റിലും കൊച്ചിയിലും യുവമോർച്ച, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പല ജില്ലകളിലും പ്രതിഷേധം ഉയർത്തുന്നുണ്ട്. മഹിളാ കോൺഗ്രസ് അടക്കമുള്ള സംഘടനകൾ നേരത്തെ പ്രതിഷേധ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

വൈകാതെ സെക്രട്ടേറിയറ്റ് പടിക്കലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം എത്തുമെന്നാണ് സൂചന. സെക്രട്ടറിയേറ്റിനു മുന്നിൽ കോൺഗ്രസ് ധർണയിരിക്കുകയാണ്. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘർഷത്തിലെത്തി. കണ്ണൂരിലും യൂത്ത കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുകയാണ്.