തിരുവനന്തപുരം: വിവരാവകാശത്തിൽ പോലും ഇനി സെക്രട്ടറിയേറ്റിൽ കരുതലുകൾ എടുക്കും. സർക്കാരിന് എതിരായ വിവര ചോർച്ച ഒഴിവാത്താനാണ് ഇത്. സർക്കാർ വകുപ്പുകളിൽ നിന്നു സർക്കാർ അറിയാതെ ഒരു കടലാസ് പോലും പുറത്തേക്കു പോകരുതെന്നും ജീവനക്കാർ കർശന ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജീവനക്കാരെല്ലാം കർശന നിരീക്ഷണത്തിലായിരിക്കും. ഉത്തരവ് ലംഘിച്ചതായി തെളിഞ്ഞാൽ നടപടിയും എടുക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിഎജി റിപ്പോർട്ടുകളുടെ ഉള്ളടക്കം അവ നിയമസഭയിൽ സമർപ്പിക്കുന്നതിനു മുൻപേ ചോർന്നതിനെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ആർ.രാജശേഖരൻ നായർ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് ഉത്തരവ്. ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുമ്പോൾ സൈബർ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പാലിക്കണം.

സുരക്ഷിതമായി സൂക്ഷിക്കേണ്ട രേഖകൾ കൈകാര്യം ചെയ്യുന്നവരെ 3 വർഷത്തിൽ കൂടുതൽ ഒരു വകുപ്പിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. ഫയലുകൾ ചോർത്തി നൽകുന്നവർക്കെതിരെ കേരള സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.