ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് ഡോസുകളുടെ ഇടവേളയിൽ ഇളവു തേടി കിറ്റക്സ് സുപ്രീം കോടതിയിൽ. പണം നൽകി കോവിഷീൽഡ് വാക്സിൻ എടുക്കുന്നവർക്ക് നാല് ആഴ്‌ച്ചയുടെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.

കോവിഡ്ഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസമായി തുടരുമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിദേശത്ത് പോകുന്നവരേയും നാട്ടിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരേയും രണ്ടായി കാണുന്നത് വിവേചനമാണെന്ന കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിറ്റക്സ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് പണം അടച്ച് കോവിഷീൽഡ് വാക്സിൻ എടുക്കുന്നവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ഈ ഉത്തരവിനെതിരെയാണ് വിദേശത്തേക്ക് പോകുന്നവർക്ക് മാത്രം വാക്സിൻ കുത്തിവയ്‌പ്പിന്റെ ഇടവേളകളിൽ ഇളവ് അനുവദിക്കുന്നത് ഭരണഘടന ഉറപ്പാക്കുന്ന തുല്യതയുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി കിറ്റക്സ് എം ഡി സാബു എം ജേക്കബ് ഹർജി നൽകിയത്.

സിംഗിൾ ബഞ്ച് നടപടി തെറ്റെന്നു വിലയിരുത്തിയ ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. പൗരന്മാർക്ക് മെച്ചപ്പെട്ട സംരക്ഷണമുറപ്പാക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും വാക്സിൻ ഇടവേളയിൽ കോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. വാക്സിൻ ഇടവേളയിൽ കുടുതൽ സമയം നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന വാദമായിരുന്നു കേന്ദ്രം ഉയർത്തിയത്.

നേരത്തെ കിറ്റക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു പണം നൽകി വാക്സിൻ വാങ്ങുന്നവർക്ക് ഇടവേളയിൽ ഇളവ് അനുവദിച്ചുകൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് കൊവിൻ പോർട്ടലിൽ മാറ്റം വരുത്താനും അന്ന് ആവശ്യപ്പെട്ടിരുന്നു.