തിരുവനന്തപുരം: കോവിഡ് കൂടി ബാധിച്ചതോടെ നടി ശരണ്യ കടന്നുപോകുന്നത് ഏറ്റവും മോശം അവസ്ഥയിലുടെയാണെന്ന് സീമ ജി നായർ.അവസാന ശസ്ത്രക്രിയയ്ക്കു ശേഷം തന്നെ രോഗം സ്‌പൈനൽ കോഡിലടക്കം വ്യാപിച്ചിരുന്നു. കീമോതെറാപ്പിക്കായി ജൂൺ 3ന് ആർസിസിയിലേക്ക് മാറ്റാനിരിക്കെയാണ് കഴിഞ്ഞ മെയ് 23ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അവസ്ഥ കൂടുതൽ മോശമായി.38 ദിവസമായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ശരണ്യയ്ക്ക് എന്ന് ആശുപത്രി വിടാം എന്ന കാര്യവും പറയാൻ പറ്റാത്ത സ്ഥിതിയാണെന്നും സീമ ജി നായർ പറയുന്നു.

അതിനിടയിലാണ് വീടിന്റെ കാര്യത്തിൽ ചിലർ വിവാദത്തിന് ശ്രമിക്കുന്നത്. ഇത്ര വലിയ വീടൊക്കെ വേണമായിരുന്നോ എന്നു ചോദിച്ച്.വീടു വച്ച സമയത്ത് പലരും 1400 സ്‌ക്വയർ ഫീറ്റിന്റെ വീട് വേണമായിരുന്നോ എന്നൊക്കെ ചോദിച്ചു, അതിനു പിന്നിലെ സത്യാവസ്ഥ അറിയാത്തവരാണ് അങ്ങനെയൊക്കെ സംസാരിക്കുന്നത്.900 സ്‌ക്വയർ ഫീറ്റിന്റെ പ്ലാനാണ് തങ്ങൾ ചെയ്തത്, എന്നാൽ അമേരിക്കയിൽ നിന്നും രണ്ടു പേർ വിളിച്ച് അൽപം കൂടി സൗകര്യമുള്ള വീട് ആ കുട്ടിക്ക് വച്ച് നൽകൂ എന്നാവശ്യപ്പെട്ടു, അതിനുള്ള സഹായം അവർ നൽകാമെന്നും പറഞ്ഞു. അങ്ങനെയാണ് വീടിന്റെ സൗകര്യം അൽപം കൂടി കൂട്ടിയത്.

ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപയാണ് വില, ഇതേ ഗുളിക 3 നേരം കഴിക്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് ശരണ്യയും കുടുംബവും കടന്നുപോകുന്നത്. പക്ഷെ കാര്യങ്ങളറിയാതെ വീട് തന്നെ വിവാദത്തിലാക്കിയ സാഹചര്യത്തിൽ ഇനി ആരോടെങ്കിലും സഹായം ചോദിക്കാനും പറ്റാത്ത അവസ്ഥായാണ്.ഇനി ആരോടെങ്കിലും സഹായം ചോദിച്ചാൽ എനിക്കെതിരെയും ചിലരെങ്കിലും സംസാരിക്കും. അതുകൊണ്ട് പ്രാർത്ഥന വേണം,കരുതൽ വേണം എന്ന രീതിയിലൊക്കെയാണ് ഞാൻ ഇപ്പോൾ പറയുന്നത്. അത് മനസ്സിലിക്കുന്ന നല്ല മനസ്സുകൾ കൂടെ ഉണ്ടാവും എന്നാണ് പ്രതീക്ഷയെന്നും സീമ ജി. നായർ പറയുന്നു.