തിരുവനന്തപുരം: 'കല'യുടെ പ്രഥമ മദർ തെരേസ പുരസ്‌കാരം സിനിമാ സീരിയൽ താരം സീമ ജി നായർ ഏറ്റുവാങ്ങി.രാജ് ഭവനിൽ വച്ച് നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരം സമ്മാനിച്ചു.സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായാണ് കേരള ആർട്ട് ലവേഴ്‌സ് അസ്സോസ്സിയേഷൻ ഈ വർഷം മുതൽ മദർ തെരേസയുടെ നാമധേയത്തിൽ പുരസ്‌കാരം ഏർപ്പെടുത്തിയത്.

സഹപ്രവർത്തക ശരണ്യയുടെ ജീവൻ സംരക്ഷിച്ച് നിലനിർത്താൻ സ്വന്തം സമ്പാദ്യം ചെലവിട്ട സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് പുരസ്‌കാരം നൽകി ഗവർണർ പറഞ്ഞു.അവാർഡ് അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മദർ തെരേസ അവാർഡ്.കല'യുടെ രക്ഷാധികാരിയും ദീപികയുടെ മുൻ മാനേജിങ് ഡയറക്ടറുമായ അമേരിക്കൻ മലയാളി സുനിൽ ജോസഫ് കൂഴാംപാല നല്കിയ അൻപതിനായിരം രൂപയുടെ ചെക്ക് രാധ സീമയ്ക്ക് കൈമാറി.ശരണ്യ വിടപറഞ്ഞ് നാല്പത്തി ഒന്ന് ദിവസ്സം തികയുന്ന നാളിലാണ് സീമയ്ക്ക് അവാർഡ് സമ്മാനിക്കപ്പെട്ടത്.

കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്ക് നല്കുന്നതാണ് മദർ തെരേസ പുരസ്‌കാരം.നടി ശരണ്യയുടെ ജീവൻ രക്ഷിക്കാൻ സീമ ത്യാഗനിർഭരമായ പ്രവർത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയിൽ നിന്ന് വഴുതി ശരണ്യ വിട പറയുകയായിരുന്നു.

സിനിമാ സീരിയൽ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളിൽ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി. നായർ. മികച്ച നടിക്കുള്ള സംസ്ഥാന അമച്വർ നാടക,ടെലിവിഷൻ, അവാർഡുകൾ ഉൾപ്പടെ നിരവധി നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. സീമയുടെ ജീവകാരുണ്യ പ്രവർത്തികൾ മാനിച്ചാണ്, ദുഃഖിതരും ദുർബലരുമായ സഹജീവികൾക്ക് മാതൃവാൽസല്യത്തോടെ തണലൊരുക്കിയ മദർ തെരേസയുടെ നാമത്തിലുള്ള അവാർഡ് സീമയ്ക്ക് നൽകുന്നത്.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ കലയുടെ ട്രസ്റ്റിയും വനിതാകമ്മീഷൻ അംഗവുമായ ഇ.എം. രാധ, മാനേജിങ് ട്രസ്റ്റി ലാലു ജോസഫ്, ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ, സുഭാഷ് അഞ്ചൽ, ബിജുപ്രവീൺ (എസ്.എൽ. പ്രവീൺകുമാർ) എന്നിവർ പങ്കെടുത്തു.