ഹരിദ്വാർ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന നൽകിയ ആളെ ആദ്യം ബാങ്ക് അധികൃതർക്ക് പോലും വിശ്വസിക്കാനായില്ല. അറുപത് വർഷത്തോളമായി ​ഗുഹകളിൽ താമസിക്കുന്ന സ്വാമി ശങ്കർദാസാണ് രാമക്ഷേത്ര നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന നൽകിയത്. ഭക്തരിൽനിന്ന് ലഭിച്ച സംഭാവനയാണ് ഇദ്ദേഹം ക്ഷേത്ര നിർമ്മാണത്തിനായി സംഭാവനയായി നൽകിയത്. ഗുരു താത്വലെ ബാബയ്‌ക്കൊപ്പം ഗുഹകളിൽ താമസിക്കുന്ന സമയത്ത് ലഭിച്ചതാണിതെന്ന് സ്വാമി വ്യക്തമാക്കി.

ആദ്യം ഋഷികേശിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ജീവനക്കാർക്ക് ഇത് വിശ്വസിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് അക്കൗണ്ട് പരിശോധിച്ചതോടെ സ്വാമി പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബാങ്ക് ആർഎസ്എസ്. ഭാരവാഹികളെ വിളിച്ചുവരുത്തകയായിരുന്നു.

'റാം മന്ദിർ ട്രസ്റ്റ് നിർമ്മാണത്തിനായി സ്വാമി ശങ്കർ ദാസ് ഒരു കോടി രൂപ സംഭാവന നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചത് അനുസരിച്ചാണ് ബ്രാഞ്ചിൽ എത്തിയത്. അദ്ദേഹത്തിന് പണം നേരിട്ട് കൈമാറാൻ സാധിക്കാത്തതിനാൽ ചെക്ക് ഞങ്ങൾക്ക് കൈമാറി. ചെക്ക് സ്വീകരിച്ച് അദ്ദേഹത്തിന് ഞങ്ങൾ രസീത് കൈമാറി. ചെക്ക് ഉപയോഗിച്ച് ബാങ്ക് മാനേജർ പണം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റും.' ആർഎസ്എസ്. ഋഷികേശ് മേധാവി സുദമ സിംഘൾ പറഞ്ഞു.

സംഭാവന രഹസ്യമായി നൽകാനായിരുന്നു സ്വാമിയുടെ പദ്ധതി. പിന്നീട് തന്റെ വാർത്ത പുറംലോകമറിയുന്നതോടെ മറ്റുള്ളവർക്കും സംഭാവന നൽകാൻ അതൊരു പ്രചോദനമാകുമെന്ന് കരുതിയാണ് ഇക്കഥ പുറത്തുവിടാൻ സ്വാമി അനുവാദം നൽകിയത്. ഫക്കദ് ബാബ എന്നാണ് പ്രദേശവാസികൾ സ്വാമിയെ വിളിക്കുന്നത്.

"ഞാൻ അരനൂറ്റാണ്ടിലേറെയായി ഒരു ഗുഹയിലാണ് താമസിക്കുന്നത്. ഒരു ദർശകനെന്ന നിലയിൽ, ഗുഹ സന്ദർശിക്കുന്ന ഭക്തരിൽ നിന്നുള്ള സംഭാവനകളിലാണ് ഞാൻ ജീവിക്കുന്നത്. വിഎച്ച്പി പ്രചാരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, നാമെല്ലാവരും വളരെക്കാലമായി സ്വപ്നം കാണുന്ന രാം മന്ദിറിനായി സംഭാവന നൽകാൻ തീരുമാനിച്ചു, "സ്വാമി ശങ്കർ ദാസ് പറഞ്ഞു.

ഋഷികേശിലെ എസ്‌ബി‌ഐ ബ്രാഞ്ചിൽ ചെക്കുമായി ദാസ് എത്തിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടു. എന്നിരുന്നാലും, പരിശോധിച്ചപ്പോൾ, അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് ഉണ്ടെന്ന് അവർ കണ്ടെത്തി. തുടർന്ന് പ്രാദേശിക ആർ‌എസ്‌എസ് പ്രവർത്തകരെ വിളിച്ച് ദാം രാം മന്ദിർ ട്രസ്റ്റിൽ സംഭാവന നൽകാൻ സഹായിക്കുകയായിരുന്നു.

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി 2021 നവംബർ 9 ന് സുപ്രീം കോടതി വിധി പ്രകാരമാണ് രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി സംഭാവന ശേഖരിക്കുന്നതിനായി ഇന്ത്യയിൽ അടുത്തിടെ രാജ്യവ്യാപകമായ നീക്കങ്ങൾ നടത്തി. ഇതുവരെ, 100 കോടിയിലധികം സംഭാവന ലഭിച്ചുവെന്ന് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് വ്യക്തമാക്കുന്നു.