തിരുവനന്തപുരം: 35 ലക്ഷം വരെ ഫീസ് ഉയർത്തിയിട്ടും സീറ്റ് വിട്ടുനൽകില്ലെന്ന് സർക്കാരിനെ വെല്ലുവിളിച്ച സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വൻ തിരിച്ചടി. ഇന്നലെ പി.ജി മെഡിക്കൽ പ്രവേശനം അവസാനിച്ചപ്പോൾ 70 സീറ്റുകളിൽ ആരും പ്രവേശനം നേടിയില്ല. ഫീസ് രണ്ടരലക്ഷം കുറച്ചിട്ടും അമ്പതിലേറെ എം.ഡി.എസ് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

നീറ്റ് പരീക്ഷയുടെ റാങ്കടിസ്ഥാനത്തിൽ എൻ.ആർ.ഐ സീറ്റുകളിലടക്കം എൻട്രൻസ് കമ്മിഷണറാണ് അലോട്ട്‌മെന്റ് നടത്തിയത്. ക്ലിനിക്കൽ വിഷയങ്ങൾക്ക് 14 ലക്ഷം, എൻ.ആർ.ഐ ക്വോട്ടയിൽ 35 ലക്ഷം എന്നിങ്ങനെ ഫീസ് നിശ്ചയിച്ചതോടെ റാങ്കിൽമുന്നിലെത്തിയ സാധാരണക്കാർക്ക് പഠനം അപ്രാപ്യമായി. അലോട്ട്‌മെന്റുകൾക്ക് ശേഷം രണ്ട് സ്‌പോട്ട് അഡ്‌മിഷനുകൾ നടത്തിയിട്ടും 90 സീറ്റുകൾ കാലിയായി. സീറ്റുകൾ നഷ്ടപ്പെടുന്നതൊഴിവാക്കാൻ അവസാനദിനമായ ഇന്നലെ കോളേജുകൾക്ക് സ്‌പോട്ട് അഡ്‌മിഷൻ നടത്താൻ അനുമതി നൽകി. എം.ഡിക്ക് 4278 പേരുടെയും എം.ഡി.എസിന് 960 പേരുടെയും നീറ്റ് റാങ്കുപട്ടിക എൻട്രൻസ് കമ്മിഷണർ കോളേജുകൾക്ക് കൈമാറി. എന്നാൽ ഇരുപതോളം സീറ്റുകളിലെ കോളേജുകൾക്ക് പ്രവേശനം നടത്താനായുള്ളൂ.

35 ലക്ഷം വാർഷികഫീസുള്ള എൻ.ആർ.ഐ ക്വോട്ടയിലെ 16 സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റിയിട്ടും ആരും ഏറ്റെടുത്തില്ല. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽകോളേജിലായിരുന്നു ഏറ്റവും സീറ്റൊഴിവുണ്ടായത്. അനാട്ടമി, ഫിസിയോളജി, ബയോ ടെക്‌നോളജി, പതോളജി തുടങ്ങിയ നോൺ ക്ലിനിക്കൽ ബിരുദകോഴ്‌സുകളുടെ സീറ്റുകളാണ് കാലിയായവയിലേറെയും. ആറരലക്ഷം രൂപ ഫീസുള്ള എം.ഡി.എസിന്റെ 81 സീറ്റുകൾക്ക് ആവശ്യക്കാരില്ലായിരുന്നു. കൽപ്പിത സർവകലാശാല അടക്കം നാല് കോളേജുകൾ ഫീസ് രണ്ടുലക്ഷം കുറച്ചതായി എൻട്രൻസ് കമ്മിഷണർക്ക് രേഖാമൂലം അറിയിപ്പ് നൽകിയിട്ടും ആരും ഓപ്ഷൻ നൽകിയില്ല. ആകെ മുന്നൂറോളം സീറ്റുകളേ എം.ഡി.എസിനുള്ളൂ.

പി.ജി.മെഡിക്കൽ പ്രവേശനം തുടങ്ങിയപ്പോൾ പി.ജി.കോഴ്‌സുകളുടെയും സീറ്റുകളുടെയും വിവരങ്ങൾ സർക്കാരിന് കൈമാറാതെ, സ്വാശ്രയകോളേജുകൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രവേശനം നീറ്റ് റാങ്കടിസ്ഥാനത്തിലാക്കിയതോടെ രണ്ടരക്കോടി വരെ തലവരിവാങ്ങിയിരുന്നത് നിലച്ചതാണ് സ്വാശ്രയലോബിയെ പ്രകോപിപ്പിച്ചത്.

കോഴിക്കോട്, കോട്ടയം, ആലപ്പുഴ മെഡി.കോളേജുകളിൽ അനാട്ടമിയുടെ ഓരോ സീറ്റ് ഒഴിഞ്ഞുകിടന്നു. 50,000രൂപ മാത്രം ഫീസുള്ള സീറ്റുകളാണിത്. പുഷ്പഗിരി മെഡി.കോളേജ് ഒഴിവുള്ള സീറ്റുവിവരങ്ങൾ നൽകാതെ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 12ൽ ഏഴ് സീറ്റുകളിൽ എൻട്രൻസ് കമ്മിഷണർ പ്രവേശനംനടത്തിയിരുന്നു.