കോഴിക്കോട്: കോൺഗ്രസുകാരുടെ പരിപാടിയാണെങ്കിൽ നേതാക്കളുടെയും അണികളുടെയും തള്ളിച്ച കൊണ്ട് സ്റ്റേജ് തകർന്നു വീഴുന്ന പതിവുണ്ടെന്ന ആക്ഷേപം കാലം കുറച്ചായുണ്ട്. ഈ ശൈലിക്ക് അടക്കം മാറ്റം വരുത്തി പാർട്ടിയെ സെമി കേഡറാക്കുക എന്ന ഉത്തരവാദിത്തമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ ശൈലി വിജയം കണ്ടു തുടങ്ങിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആദ്യ പടിയെന്ന നിലയിൽ സെമി കേഡർ സംവിധാനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് കോൺഗ്രസ് ജില്ലാ നേതൃയോഗം. ഈ പരിപാടി ഒരു വിജയമായി മാറുകയും ചെയ്തു.

പ്രവർത്തകർക്ക് പ്രത്യേക നമ്പറുകൾ നൽകിയാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്. യോഗത്തിനെത്തുന്നവർക്ക് ആദ്യം ബാഡ്ജും നമ്പറും നൽകും. സ്റ്റേജിൽ ഒരുക്കിയ ബോർഡിൽ നേതാക്കന്മാരുടെ പടമില്ല. സംസാരിക്കാൻ നിയോഗിക്കപ്പെട്ടവർ മാത്രമേ സ്റ്റേജിൽ ഉണ്ടാകൂ. അല്ലാത്തവർക്കെല്ലാം അവരുടെ പദവിക്കനുസരിച്ചുള്ള സ്ഥാനം താഴെ ഒരുക്കിയിട്ടുണ്ടാകും. സദസ്സിൽ ഇരിക്കേണ്ടവരുടെ നമ്പർ കസേരയിൽ കെപിസിസി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിങ്ങനെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കാൻ പ്രത്യേക വൊളന്റിയർമാരേയും ഏർപ്പെടുത്തി. അതേസമയം സ്റ്റേജിൽ ഒരു വനിത പോലും ഇടം പിടിച്ചില്ല.

വേദിയിലിട്ട കസരേകളിൽ ഇരിക്കാനുള്ള നേതാക്കന്മാരുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു. യോഗം നടക്കുന്ന ഡിസിസി ഹാളിലേക്ക് രജിസ്‌ട്രേഷൻ നടത്തിയാണ് ആളെ പ്രവേശിപ്പിച്ചത്. സീനിയോറിറ്റിയും പദവിയും പരിഗണിച്ച് സീറ്റ് നമ്പറിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുമാണ് സദസിൽ ആളെ ഇരുത്തിയത്. മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കാലം തന്ന ദൗർബല്യം പാർട്ടിയെ ബാധിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്തതും തിരിച്ചടിയായെന്നും സുധാകരൻ പറഞ്ഞു.

നിഷ്‌ക്രിയരായ നേതാക്കളെ ആറു മാസത്തിൽ കൂടുതൽ ഒരു പദവിയിലും വച്ചു പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ സുധാകരൻ സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികളെ തോൽപിക്കുന്ന നേതാക്കന്മാരെ നമ്മുക്ക് വേണോയെന്നും ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സംഘടനാ പ്രവർത്തനത്തിലുമുണ്ടായ വീഴ്‌ച്ചകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും യോഗത്തിൽ പ്രവർത്തകർക്ക് സുധാകരൻ ഉറപ്പ് നൽകി. പാർട്ടിക്ക് വിധേയരാകാത്ത സഹകാരികളെ വച്ച് പൊറുപ്പിക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു.

ഫ്‌ളക്‌സ് ബോർഡുകൾ വയ്ക്കുന്നതിന് പകരം അഞ്ച് അണികളെ കൂടെ നിർത്താൻ സാധിക്കണം. പ്രാദേശിക തലത്തിലെ പ്രവർത്തനത്തിനുള്ള വ്യക്തമായ മാർഗരേഖയായി കൈപ്പുസ്തകം പ്രവർത്തകർക്ക് ഉടനെ നൽകുമെന്നും ഇക്കാര്യത്തിൽ അവരുടെ ചുമതലകളും കർത്തവ്യങ്ങളും എണ്ണമിട്ട് പറയുമെന്നും സുധാകരൻ പറഞ്ഞു. നേതാക്കൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ 'ചൊറിയുന്ന' ആരും കോൺഗ്രസ്സുകാരായി പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ തുറന്നടിച്ചു.

അതേസമയം സെമി കേഡർ സ്വാഭാവത്തിലേക്കുള്ള ചുവടുമാറ്റത്തിന് കോൺഗ്രസ് ഇന്ന് തുടക്കമിടും. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട് കരിമ്പുഴയിലെ അറ്റാശ്ശേരിയിൽ രാവിലെ 9 മണിക്ക് നിർവ്വഹിക്കുന്നതും കെപിസിസി അധ്യക്ഷനാണ്. പ്രവർത്തകരെ കണ്ടെത്തി പരിശീലനം നൽകി പാർട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്നാണ് സിയുസികൾ കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും സിയുസികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28ന് ഒന്നേകാൽ ലക്ഷം സിയുസികൾ തുടങ്ങുക എന്നതാണ് പാർട്ടി ലക്ഷ്യം.

അതേസമയം സെമികേഡർ തീരുമാനത്തിന് പിന്തുണയുമായി കെ മുരളീധരൻ എംപിയും രംഗത്തുവന്നു. പാർട്ടി പുനഃസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുതെന്ന് കെ മുരളീധരൻ പറഞ്ഞു. പുനഃസംഘടന നീളരുതെന്ന് എ ഐ സി സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ നിർദ്ദേശിക്കുന്ന പേരുകളിൽ തന്നെ പ്രവർത്തിക്കാൻ കഴിയാത്ത ഒരാളാണെന്ന് ഹൈക്കമാൻഡിന് തോന്നുന്നുണ്ടെങ്കിൽ നിർദാക്ഷണ്യം അതു തള്ളാൻ പറഞ്ഞിട്ടുണ്ട്. കാരണം ഒരാളുടെ പേര് നിർദ്ദേശിക്കുമ്പോൾ, അയാൾ 24 മണിക്കൂറും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളായിരിക്കണം.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആളായിരിക്കണം. അതല്ലാതെ ഞാൻ ഒരു പേര് എഴുതി കൊടുത്താൽ അത് എടുത്ത് എന്നെ തൃപ്തിപ്പെടുത്തുന്ന രീതി ശരിയല്ല. കഴിവുള്ള ആളുകളെ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുരളി വ്യക്തമാക്കി. സെമി കേഡർ സിസ്റ്റത്തിൽ പോയാലേ പാർട്ടി രക്ഷപ്പെടു. അതല്ല, ഇങ്ങനെയൊക്കെ പോയാ മതിയെന്ന് ഉണ്ടെങ്കിൽ അടുത്ത തവണ ഇതിലും ദയനീയ പരാജയമായിരിക്കും ഉണ്ടാവുകയെന്നും മുരളീധൻ താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പറഞ്ഞു.