തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭ സിനഡ്. പദ്ധതിയെ കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സർവ്വേ-ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് സിനഡ് ആവശ്യപ്പെട്ടു.

പദ്ധതിയുടെ സാമ്പത്തിക, പാരിസ്ഥിതിക മാനങ്ങൾ വിദഗ്ധ പഠനത്തിന് വിധേയമാക്കണം. ഭൂമിയും കിടപ്പാടവും ഉപജീവനമാർഗവും നഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകൾ അനുഭാവപൂർവം കണക്കിലെടുക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾ ഗൗരവപൂർവം പരിഗണിക്കേണ്ടതാണ്. സർക്കാരിന്റെ വികസന പദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം നിലനിർത്തിയാണ് വിഷയത്തിലുള്ള അഭിപ്രായം മുന്നോട്ടുവയ്ക്കുന്നതെന്നും സഭാ സിനഡ് വ്യക്തമാക്കി.

പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നടപടികളുമായി മുന്നോട്ടു പോകരുത്. വിശദമായ പദ്ധതി രേഖ പ്രസിദ്ധീകരിക്കണം. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിൽക്കണം. വികസനകാര്യത്തിലായാലും പരിസ്ഥിതി സംരക്ഷണത്തിലായാലും ജനസൗഹാർദപരമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും സിനഡ് പറഞ്ഞു.