തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ വിദ്യാർത്ഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് യോഗം ചർച്ച ചെയ്യും. ഈ മാസം 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

ആദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം. ഊരുകളിലെ അടക്കം നെറ്റ് ലഭ്യതാ പ്രശ്‌നം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

ഇതിനുപുറമെ ഡിജിറ്റൽ വിദ്യാഭ്യാസത്തിലെ പോരായ്മകൾ ചർച്ചചെയ്യാൻ ഉന്നതതല യോഗത്തിനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാനം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും നല്ലൊരു ശതമാനം വിദ്യാർത്ഥികൾക്കും ക്ലാസിൽ കൃത്യമായി പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.നിയമസഭയിൽ വിഷയം ചർച്ചയായപ്പോൾ പുത്തൻ രീതികൾ ആയതിനാൽ പോരായ്മകൾ ഉണ്ടാകുമെന്നും പരിഹാരത്തിനായി കൂട്ടായ പരിശ്രമങ്ങൾ വേണമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി മറുപടി നൽകിയത്.