ന്യൂഡൽഹി: പ്രവാസികൾക്ക് ആശ്വാസമേകി എയർഇന്ത്യയുടെ പുതിയ തീരുമാനം. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇതുപ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നിവ വഴി ഇന്ത്യയിൽ എവിടേക്ക് മൃതദേഹം എത്തിക്കാനും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നിരക്ക് ഏകീകരിക്കാനുള്ള നടപടി സ്വീകരിച്ചത്.

പുതിയ നിരക്ക് പ്രകാരം 12 വയസിൽ താഴെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്നതിന് 750 ദിർഹം അടച്ചാൽ മതിയാകും. 12 വയസിൽ മുകളിലുള്ളവർക്ക് 1500 ദിർഹമാണ് നിരക്ക്. ജിസിസി രാജ്യങ്ങൾക്കെല്ലാം ഇത്തരത്തിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയർ ഇന്ത്യ കാർഗോ ഏജൻസികൾക്ക് കൈമാറി. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യസംഘടനകൾ അറിയിച്ചു.

ഗൾഫിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ നേരത്തെ ഇരട്ടിയാക്കിയിരുന്നു. മൃതദേഹങ്ങളുടെ ഭാരം നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ജിസിസി രാജ്യങ്ങൾക്കെല്ലാം നിശ്ചിത നിരക്കുകളാക്കിയിട്ടുണ്ട്. 160 ഒമാനി റിയാൽ, 175 കുവൈറ്റ് ദിനാർ, 2200 സൗദി റിയാൽ, 225 ബഹ്‌റൈനി ദിനാർ, 2200 ഖത്തറി റിയാൽ എന്നിങ്ങനെയാണു നിരക്ക്. ഇക്കാര്യം ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിൽ അറയിച്ചിട്ടുണ്ട്.

അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തിൽ നിരക്ക് കുറയ്ക്കാനെങ്കിലും എയർ ഇന്ത്യ തയാറാകണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യമുയർത്തിയിരുന്നു. നേരത്തെ, ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കിയിരുന്നു. തൂക്കി നോക്കിയാണ് നിരക്ക് നിശ്ചയിച്ചിരുന്നത്. ഒരു കിലോഗ്രാമിന് മുപ്പത് ദിർഹമായിരുന്നു സെപ്റ്റംബറിൽ നിശ്ചയിച്ച നിരക്ക്. ഇതോടെ ഒരു മൃതദേഹം നാട്ടിലെത്താൻ എൺപതിനായിരം രൂപ വരെ നൽകേണ്ട സ്ഥിതി ഉണ്ടായി.

ഇതോടെ പ്രവാസി കൂട്ടായ്മകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. എല്ലാ ഗൾഫ് രാജ്യങ്ങളിലെയും നിരക്ക് ഏകീകരിക്കുക മാത്രമാണുണ്ടായതെന്ന വാദവും നിലനിൽക്കുന്നതായിരുന്നില്ല. നിരക്ക് പിൻവലിക്കാതെ പിറകോട്ടില്ലെന്ന് പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ഉറച്ചുനിന്നു. തുടർന്നാണ് അന്യായവർധന പിൻവലിച്ച് പഴയ നിരക്കിൽ തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.