കണ്ണൂർ: സേവാഭാരതിയെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കലക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി' കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ പരാതിയിലായിരുന്നു ജില്ലാ കലക്ടർ ഉത്തരവ് പിൻവലിച്ചത്. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ഉപയോഗിച്ച് സന്നദ്ധ പ്രവർത്തനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടർ ഉത്തരവിറക്കുകയായിരുന്നു. പരാതിയിലെ കൃത്യത ഉറപ്പു വരുത്തുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കലക്ടറുടെ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

യാതൊരു അന്വേഷണവും നടത്താതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയിൽ സാമാന്യനീതിക്ക് നിരക്കാതെ ഏകപക്ഷീയമായി ഉത്തരവ് പിൻവലിക്കുകയായിരുന്നുവെന്നും കലക്ടറെന്നും ഈനടപടി നിയമപരമല്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം സി.പിഎമ്മിന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന ജില്ലാ കലക്ടർക്ക് തിരിച്ചടിയേകുന്നു വിധിയാണിതെന്ന് ബിജെപി ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. റിലീഫ് ഏജൻസിയായി സേവാഭാരതിയെ പ്രഖ്യാപിച്ച ഉത്തരവ് പിൻവലിച്ച കലക്ടറുടെ നടപടി ഇതോടെ അസാധുവാകുകയും പൂർവ്വ സ്ഥിതിയിലായിത്തീർന്നിരിക്കുകയുമാണ്. തുടർന്നും സേവാഭാരതിക്ക് റിലീഫ് ഏജൻസിയായി പ്രവർത്തിക്കാൻ കഴിയും.

2021 മെയ്മാസം 22നാണ് ജില്ലയിലെ കോവിഡ് പ്രതിരോധ രംഗത്ത് സന്നദ്ധ പ്രവർത്തനം നടത്താനുള്ള റിലീഫ് ഏജൻസിയായി സേവാഭാരതിയെ പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിന് ശേഷം സിപിഎം സമ്മർദ്ദത്തിന് വഴങ്ങി ജില്ലാ ഭരണകൂടം ഉത്തരവ് റദ്ദാക്കുകയായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ഉപയോഗിച്ച് സന്നദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണം കണക്കിലെടുത്ത് ആർ.എസ്.എസ് നിയന്ത്രിത സംഘടനയായ സേവാഭാരതിയെ റിലീഫ് ഏജൻസി സ്ഥാനത്തു നിന്നും നീക്കിയതായി കലക്ടർ ഉത്തരവിടുകയായിരുന്നു.

ഈഉത്തരവ് റദ്ദാക്കിയത് ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന ആരോപണവുമായി നേരത്തെ ബിജെപി രംഗത്തു വന്നിരുന്നു. റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകർക്കുള്ള പാസുകൾ സ്വീകരിക്കാനുള്ള ശ്രമങ്ങൾ സംഘടന നടത്തിവരികയായിരുന്നു. എന്നാൽ പാസുകൾ ലഭ്യമാവുകയോ സേവാഭാരതി പ്രവർത്തകർ സർക്കാർ സംവിധാനത്തോട് ചേർന്ന് പ്രവർത്തിക്കാനോ ആരംഭിക്കും മുമ്പാണ് വ്യാജ ആരോപണം ഉന്നയിച്ച് സേവാഭാരതിയെ റിലീഫ് ഏജൻസി സ്ഥാനത്തു നിന്നും നീക്കിയതെന്നാണ് ബിജെപി- ആർ.എസ്.എസ് നേതാക്കളുടെ പരാതി.

കോവിഡ് വ്യാപനവും ലോക്ഡൗണും തുടങ്ങിയ ആദ്യഘട്ടം മുതൽ സ്വന്തം നിലയിൽ സേവാഭാരതി ജില്ലയിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു വരികയായിരുന്നു. അതിനാൽതന്നെ സ്വന്തം ഡ്രസ് കോഡും മറ്റും ഉപയോഗിച്ചായിരുന്നു പ്രവർത്തനം. എന്നാൽ ജില്ലാ ഭരണകൂടം റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചുവെങ്കിലും ഒരു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന്റെ സന്നദ്ധ സേവനത്തിനുള്ള പാസ് കൈപ്പറ്റുകയോ സംഘടനയുടെ ചിഹ്നങ്ങൾ ഉപയോഗിച്ച് സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ലെന്നും സേവാഭാരതി ജില്ലാ നേതൃത്വം അറിയിച്ചു.കണ്ണുരിൽ സിപിഎം നേതാവ് പി.ജയരാജൻ മുഖ്യരക്ഷാധികാരിയായ ഐ.ആർ.പി.സിയാണ് സർക്കാർ റിലീഫ് ഏജൻസിയായി പ്രവർത്തിച്ചു വരുന്നത്.